മുംബൈ: ഏറെ വിവാദം സൃഷ്ടിച്ച ഷീന ബോറ വധക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവും സ്റ്റാര്‍ ഇന്ത്യാ മുന്‍ മേധാവിയുമായ പീറ്റര്‍ മുഖര്‍ജിയെ സിബിഐ അറസ്റ്റ് ചെയ്തു. കേസില്‍ മുഖര്‍ജിയെ ആദ്യം പ്രതി ചേര്‍ത്തിരുന്നെങ്കിലും കുറ്റപത്രം സമര്‍പ്പിച്ചശേഷം വളരെ നാടകീയമായിട്ടാണ് മുഖര്‍ജിയെ അറസ്റ്റ് ചെയ്തത്. വര്‍ളിയിലെ വീട്ടില്‍ നിന്നാണ് മുഖര്‍ജിയെ സിബിഐ അറസ്റ്റ് ചെയ്തത്.
കേസിലെ നാലാം പ്രതിയാണ് മുഖര്‍ജി. ഗൂഡാലോചന, തെളിവ് നശിപ്പിച്ചതുള്‍പ്പടെയുള്ള കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സപ്തംബര്‍ 29നാണ് കേസ് സിബിഐ ഏറ്റെടുത്തത്. നേരത്തെ സിബിഐ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ചാര്‍ജ്ജ്ഷീറ്റില്‍ ഷീന ബോറയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജിയും മറ്റ് രണ്ടുപേരുമാണ് പ്രതി പട്ടികയില്‍ നല്‍കിയിരുന്നത്.
24കാരിയായ ഷീന ബോറയെ വധിച്ചകേസില്‍ അമ്മ ഇന്ദ്രാണി, ഇവരുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, മുന്‍ ഡ്രൈവര്‍ ശ്യാംവര്‍ റായി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. 2012 ഏപ്രിലിലാണ് ഷീന ബോറയെ വധിച്ച് റായ്ഗഡ് വനത്തില്‍ കുഴിച്ചിട്ടത്. ആയിരം പേജുകളുള്ള കുറ്റപത്രമാണ് സിബിഐ തയ്യാറാക്കിയിരിക്കുന്നത്. 150 സാക്ഷികളും 200 രേഖകളും റെക്കോഡ് ചെയ്ത ഏഴ് സംഭാഷണങ്ങളും തെക്കന്‍ മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇന്ദ്രാണി, ഖന്ന, റായി എന്നിവര്‍ ആഗസ്റ്റില്‍ അറസ്റ്റിലായിരുന്നു. ഇവര്‍ ഇപ്പോഴും ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. മഹാരാഷ്‌ട്ര പോലീസിന്റെ മേല്‍നോട്ടത്തില്‍ നടന്ന കേസ് പിന്നീട് സിബിഐയെ ഏല്‍പ്പിക്കുകയായിരുന്നു.
















