ന്യൂദല്‍ഹി: സിബിഐക്ക് സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. സിബിഐയുടെയും വിജിലന്‍സ് ബ്യൂറോകളുടെയും 21-ാമത് സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സിബിഐക്കും മറ്റ് ഇന്റലിജന്‍സ് ബ്യുറോകള്‍ക്കും സ്വതന്ത്രമായി പ്രൊഫഷണലിസത്തോടെ പ്രവര്‍ത്തിക്കാവുന്ന അന്തരീക്ഷം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള പോരാട്ടം, കുറ്റകൃത്യങ്ങള്‍ക്കും ഭീകരതക്കുമായി വസ്തുവകകള്‍ മാറ്റം വരുത്തല്‍, പുതിയ വെല്ലുവിളികള്‍ എന്നിവ നേരിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് വൈദഗ്ധ്യം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
















