ബാംകോ: മാലി തലസ്ഥാനമായ ബാംകോയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആയുധങ്ങളുമായി കടന്ന ഭീകരര്‍ 170 പേരെ ബന്ദികളാക്കി. അല്‍-ക്വയ്ദ ബന്ധമുള്ള ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. തലസ്ഥാനത്തെ റാഡിസണ്‍ ബ്ലൂ എന്ന ഹോട്ടലിലാണ് 10 ഓളം വരുന്ന ഭീകര സംഘം ആളുകളെ ബന്ദികളാക്കിയിരിക്കുന്നത്.
പ്രാദേശിക സമയം പുലര്‍ച്ചെ ഏഴോടെ വാഹനത്തില്‍ എത്തിയ സംഘം ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരെ മറികടന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു. 140 അതിഥികളും 30 ജീവനക്കാരുമാണ് ഹോട്ടലിനുള്ളില്‍ ഉള്ളതെന്ന് ഉടമ അറിയിച്ചു.
ബന്ദികളെ മോചിപ്പിക്കാന്‍ സൈനിക നടപടി ആരംഭിച്ചിട്ടുണ്ട്. മാലിയിലെ യുഎസ്, ഫ്രഞ്ച് എംബസികള്‍ തങ്ങളുടെ പൗരന്മാരോട് സുരക്ഷിത കേന്ദ്രങ്ങളിലേയ്‌ക്ക് മാറാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. അമേരിക്കന്‍ ഉടമസ്ഥതയിലുള്ള റാഡിസണ്‍ ബ്ലൂവിലാണ് വിദേശ ജീവനക്കാരില്‍ പലരും താമസിക്കുന്നത്.
















