ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പൗരത്വ വിവാദം കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കുന്നു. തന്റെ ബ്രിട്ടീഷ് പൗരത്വം തെളിയിക്കാന്‍ ഇന്നലെ രാഹുല്‍ മുതിര്‍ന്ന ബിജെപി നേതാവും രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന വിവരം പുറത്തുകൊണ്ടുവന്നയാളുമായ ഡോ. സുബ്രഹ്മണ്യം സ്വാമിയെ വെല്ലുവിളിച്ചെങ്കിലും രാഹുല്‍ വെള്ളത്തിലാകുമെന്നു തന്നെയാണ് സൂചന.
ബാക്കോപ്സ് ലിമിറ്റഡ് എന്ന രാഹുലിന്റെ കമ്പനിയുമായി ബന്ധപ്പെട്ട പല രേഖകളിലും രാഹുലിന്റെ പൗരത്വം ബ്രിട്ടീഷ് എന്നുതന്നെയാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഒരിടത്ത് ഇന്ത്യന്‍ എന്നുമുണ്ട്. മറ്റൊരിടത്ത് ബ്രിട്ടീഷ് എന്ന് എഴുതിയത് വെട്ടിത്തിരുത്തി ഇന്ത്യന്‍ എന്ന് എഴുതിച്ചേര്‍ത്തിട്ടുമുണ്ട്. വാസസ്ഥലം എന്ന ഭാഗത്ത് ബ്രിട്ടീഷ് മേല്‍വിലാസമാണ് നല്‍കിയിരിക്കുന്നത്.
എഴുതിച്ചേര്‍ത്തപ്പോള്‍ വന്ന പിഴവാണെന്ന വാദം ശരിയല്ലെന്നും രേഖകളില്‍ നിന്ന് വ്യക്തം. പൗരത്വം മറച്ചുപിടിക്കുന്നത് തട്ടിപ്പാണ്, ശിക്ഷാര്‍ഹമാണ്. പ്രമുഖര്‍ പറയുന്നു.
അതിനിടെ ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്ന് മൂന്നുദിവസത്തിന് ശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രതികരിച്ചു. ഇതുസംബന്ധിച്ച് ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
















