ന്യൂദല്‍ഹി: ഓണ്‍ലൈന്‍ മാട്രിമോണിയല്‍ വെബ്സൈറ്റുകള്‍ സംബന്ധിച്ചുള്ള പരാതികള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നതോടെ ഇതിനു കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വ്യാജ ഓണ്‍ലൈന്‍ പ്രൊഫൈലുകള്‍ നിര്‍മ്മിച്ച് വധൂവരന്മാര് ആകാന്‍ പോകുന്നവരെ ഫോണ്‍വിളിച്ചും സന്ദേശങ്ങള്‍ അയച്ചും ഉപദ്രവിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം.
ഇതു പ്രകാരം ഇനിമുതല്‍ മാട്രിമോണിയല്‍ സൈറ്റ് തുടങ്ങാന്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയും അതിന്റെ വിവരങ്ങളും നല്‍കേണ്ടതുണ്ട്. ഇത് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാകും പ്രൊഫൈലിന്റെ പ്രവര്‍ത്തനം ആരംഭിക്കുക. വനിതാ ശിശുക്ഷേമ വികസന സെക്രട്ടറി വി. സോമസുന്ദരത്തിന്റെ നേതൃത്വത്തില്‍ ഐടി, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങളിലെ ഉന്നത പ്രതിനിധികള്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
മാട്രിമോണിയലില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്നിന്റെ വിവരങ്ങളാണ് വെബ്സൈറ്റില്‍ നല്‍കേണ്ടത്. ഈ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമാകും പ്രൊഫൈല്‍ പ്രവര്‍ത്തനം അരംഭിക്കുക. കുടാതെ പ്രൊഫൈലുകളിലെ വിവരങ്ങള്‍ വ്യാജമാണോയെന്ന് പരിശോധിക്കുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതാണ്. മാട്രിമോണിയല്‍ സൈറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സൈറ്റുകള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മനേക ഗാന്ധിയും ഉത്തരവിട്ടിട്ടുണ്ട്.
















