രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചതായി ആരോപിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള 16 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന തടവിലാക്കി. ഇവരുടെ മൂന്ന് ബോട്ടുകള്‍ പിടിച്ചെടുത്തു. ഇന്നു പുലര്‍ച്ചെ പാല്‍ക് സ്ട്രെയ്റ്റിനു സമീപം വച്ചാണ് മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നേവി അറസ്റ്റ് ചെയ്തത്.
തമിഴ്നാടിനും ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യയിലെ മന്നാര്‍ ജില്ലയ്ക്കും ഇടയിലാണ് പാല്‍ക് സ്ട്രെയ്റ്റ്. ആദ്യം കങ്കെസാന്തുറയില് എത്തിച്ച തൊഴിലാളികളെ പിന്നീട് ജാഫ്നയിലെ ജയിലിലേയ്ക്ക് മാറ്റുകയായിരുന്നു. അതിര്‍ത്തി ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ലങ്കന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.
ഒരു ബോട്ട് രാമേശ്വരത്ത് നിന്നുള്ളതാണ്. മറ്റ് രണ്ട് ബോട്ടുകള്‍ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. സാധാരണ അറസ്റ്റ് ചെയ്യുന്ന മത്സ്യത്തൊളിലാളികളെ കങ്കെസാന്തുറയിലെ ജയിലിലേയ്ക്കാണ് ശ്രീലങ്കന്‍ നാവിക സേന കൊണ്ടു പോവാറുള്ളത്. ജാഫ്നയിലേയ്ക്ക് കൊണ്ടു പോവാനുള്ള കാരണം വ്യക്തമല്ലെന്ന് ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ സുബ്ബുരാജ് പറഞ്ഞു.
ഈ മാസം ആദ്യവും ലങ്കന്‍ നാവിക സേന ഭാരതത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ പിടിച്ചുകൊണ്ടു പോയിരുന്നു. ശ്രീലങ്കയില്‍ ഇതുവരെ അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കാമെന്നും എന്നാല്‍, അവരുടെ ബോട്ടുകളും മത്സ്യബന്ധന സാമഗ്രികളും തിരിച്ചു നല്‍കില്ലെന്നും ലങ്കന്‍ ഫിഷറീസ് ആന്‍ഡ് അക്വാട്ടിക് റിസോഴ്സ് മന്ത്രി മഹീന്ദ അമരവീര നേരത്തേ പറഞ്ഞിരുന്നു.
















