കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിലാദ്യമായി ഒരു മുനിസിപ്പാലിറ്റിയില്‍ ബിജെപി അധികാരം പിടിച്ചിരിക്കുകയാണ്. പാലക്കാട് മുനിസിപ്പാലിറ്റിയുടെ ചെയര്‍പേഴ്‌സണായി പ്രമീള ശശിധരന്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റതോടെ പാര്‍ലമെന്ററി രാഷ്‌ട്രീയത്തില്‍ പുതിയൊരു പാത ബിജെപി വെട്ടിത്തുറന്നിരിക്കുന്നു. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിന് ശേഷം ഇവയ്‌ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യേണ്ട സ്ഥിരം സമിതി അദ്ധ്യക്ഷസ്ഥാനങ്ങള്‍ നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 21-ാം വകുപ്പ് ഉപവകുപ്പ് പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചത് സ്ത്രീപദവി ഈ സ്ഥാപനങ്ങളില്‍ അരക്കിട്ടുറപ്പിക്കുന്നതിന് സഹായകരമാകും.
ഡെപ്യൂട്ടി മേയര്‍ സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ധനകാര്യം ഒഴികെയുള്ള സ്റ്റാന്റിങ് കമ്മറ്റികളിലെ അധ്യക്ഷ സ്ഥാനങ്ങളും സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടില്ലാത്തിടങ്ങളില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനം സ്ത്രീകള്‍ക്കുള്ളതാണ്. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനം സംവരണം ചെയ്യപ്പെട്ടിട്ടില്ലാത്തിടത്ത് ധനകാര്യ സ്റ്റാന്റിങ് കമ്മറ്റി ഒഴികെയുള്ള മൂന്നു കമ്മറ്റികളിലെ അധ്യക്ഷസ്ഥാനങ്ങളും സ്ത്രീകള്‍ക്ക് ലഭിക്കുന്നു. ഇന്ന് രാഷ്‌ട്രീയത്തില്‍ സ്ത്രീകള്‍ക്ക് നാമമാത്രമായ സാന്നിദ്ധ്യമാണ് ഉള്ളത്. തീരുമാനമെടുക്കുന്ന സ്ഥാപനങ്ങളിലും സ്ത്രീപ്രാതിനിധ്യം വേണമെന്നാണ് സ്ത്രീകളുടെ ആവശ്യം. നിയമപ്രകാരം പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മൂന്നില്‍ ഒരു ഭാഗം സീറ്റുകള്‍ സംവരണം ചെയ്യണം എന്നാണ് വ്യവസ്ഥ.
സംവരണപ്രക്രിയ നിലവില്‍ വരുന്നതിന് മുമ്പ് സ്ത്രീസാന്നിദ്ധ്യം 4.5 ശതമാനം ആയിരുന്നു. സംവരണം നിലവില്‍വന്നശേഷം ഇത് 40 ശതമാനം കൂടി ഉയര്‍ന്നു. ഇരുപത്തിയാറുലക്ഷം സ്ത്രീകള്‍ ഇന്ന് ഭാരതത്തില്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല സ്ത്രീകള്‍ ഭരണം എന്ന വെല്ലുവിളിയെ സമര്‍ത്ഥമായി കൈകാര്യം ചെയ്യുകയും അതുമൂലം സാമൂഹ്യവ്യവസ്ഥിതിയില്‍ സുപ്രധാനമായ മാറ്റം സംജാതമാവുകയും ചെയ്തിരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, പ്രാഥമിക ജീവിതാവശ്യങ്ങള്‍ക്കുള്ള സൗകര്യം മുതലായവ ഉറപ്പാക്കപ്പെട്ടു. ഇപ്പോള്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും നിര്‍ബന്ധമായി 33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യണമെന്നുണ്ട്. ഗൃഹഭരണത്തില്‍ നിന്ന് നഗരഭരണത്തിലേക്ക് പ്രവേശിക്കുന്ന വനിതകള്‍ 89 മുനിസിപ്പാലിറ്റികളിലും ഇന്നുണ്ട്. കോര്‍പ്പറേഷനുകളിലെ വനിതാ അംഗങ്ങള്‍, വനിതാ മേയര്‍മാരെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണ്. കാരണം അവര്‍ പ്രകടിപ്പിക്കാന്‍ പോകുന്ന സാമൂഹിക വീക്ഷണം മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുകയും പെരുമാറ്റ മര്യാദകള്‍ ഉറപ്പാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
കേരളം ഈ സാമൂഹികമാറ്റത്തില്‍ മുന്‍പന്തിയിലായത് ആദ്യത്തെ വനിതാ മേയറായി പ്രേമജം കോഴിക്കോട്ട് കോര്‍പ്പറേഷനില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോഴായിരുന്നു. പ്രേമജത്തിന് പല നല്ല കാര്യങ്ങളും അന്ന് ചെയ്യാന്‍ കഴിഞ്ഞിരുന്നു. ത്രിതല പഞ്ചായത്തുകളില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെടേണ്ട സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷ സ്ഥാനങ്ങള്‍ നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് ഈ സ്ഥാപനങ്ങള്‍ സജീവമാകാന്‍ വഴിവയ്‌ക്കും. ഈ വെല്ലുവിളി ആത്മാര്‍ത്ഥമായി ഏറ്റെടുത്ത് തങ്ങളുടെ കാര്യക്ഷമത സമൂഹത്തിന് മുന്നില്‍ തെളിയിക്കാനുള്ള അപൂര്‍വ അവസരമാണ് സ്ത്രീകള്‍ക്ക് ലഭിച്ചിരിക്കുന്നത്.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇപ്പോള്‍ ആദ്യമായി രൂപീകൃതമായതാണ്. അതിന്റെ പ്രഥമ അധ്യക്ഷസ്ഥാനവും ജെ.ലത നേടി. ഒപ്പത്തിനൊപ്പം സീറ്റുകള്‍ നേടിയ ഇടതു-വലതു മുന്നണികള്‍ക്ക് വിമതനായ കൗണ്‍സിലര്‍ പി.കെ.രാഗേഷിന്റെ വോട്ട് സുപ്രധാനമായിരുന്നു. പി.കെ.രാഗേഷ് ഒടുവില്‍ ഇടതുപക്ഷ മേയര്‍ സ്ഥാനാര്‍ത്ഥി ജെ.ലതയ്‌ക്ക് തന്റെ വോട്ട് നല്‍കി മേയര്‍ സ്ഥാനം ലഭ്യമാക്കാന്‍ സഹായിച്ചു. ലതയുടെ എതിര്‍ മേയര്‍ സ്ഥാനാര്‍ത്ഥിയും ഒരു വനിതയായിരുന്നു-സുമ ബാലകൃഷ്ണന്‍. കൊച്ചിയിലും തൃശൂരിലും വനിതാ മേയര്‍മാരാണ് വരുന്നത്. നേരത്തെ പറഞ്ഞപോലെ സ്ത്രീകള്‍ അടുക്കളയില്‍നിന്നും അരങ്ങത്തേയ്‌ക്ക്-നഗരഭരണത്തിലേയ്‌ക്ക് പ്രവേശിക്കുകയാണ്. ഡെപ്യൂട്ടി മേയര്‍ പദവികള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യപ്പെടുകയാണെങ്കില്‍ ജില്ലാ-പഞ്ചായത്തു തലത്തില്‍ സ്ത്രീകള്‍ക്ക് പ്രചോദനമാവുകയും അതുവഴി സ്ത്രീ-ശാക്തീകരണത്തിനുള്ള ആത്മവിശ്വാസം ലഭിക്കുകയും ചെയ്യും. പഞ്ചായത്തുതലത്തില്‍ സ്ത്രീസംവരണം നേരത്തെ നല്‍കപ്പെട്ട അവസരത്തില്‍ ഉയര്‍ന്ന പരാതി അവര്‍ സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തരല്ലെന്നും അതുകൊണ്ട് പഞ്ചായത്ത് ഭരണം ഭര്‍ത്താക്കന്മാരിലോ, പഞ്ചായത്ത് സെക്രട്ടറിമാരിലോ നിക്ഷിപ്തമാകുന്നു എന്നാണ്. ഇപ്പോഴത്തെ പുതിയ തീരുമാനത്തിലൂടെ ഈ ആക്ഷേപം മാറ്റാന്‍ സഹായമാകുമെന്ന് പ്രതീക്ഷിക്കാം.
















