ആലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത ആരാധനാലയ, വിദ്യാഭ്യാസ സ്ഥാപനാധികൃതരുടെയും യോഗം പ്രഹസനമായി. ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കല്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം യോഗം വിളിച്ചുചേര്‍ത്തത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഏറ്റവുമധികം എതിര്‍പ്പ് നേരിടുന്നത് ആരാധനാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഭാഗത്ത് നിന്നാണ്. അത് കൊണ്ടാണ് ഇതുമായി ബന്ധപ്പെട്ടവരുടെ യോഗം ആദ്യം വിളിച്ചുചേര്‍ത്തത്.
എന്നാല്‍ യോഗത്തില്‍ രൂക്ഷമായ എതിര്‍പ്പാണ് അധികൃതര്‍ക്ക് നേരിടേണ്ടി വന്നത്.നേരത്തെ സര്‍വേ നടത്തി നിശ്ചയിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്ന വാദവുമായി ചിലര്‍ രംഗത്തെത്തിയപ്പോള്‍, ആരാധനാലയങ്ങളും അവയുടെ ഭൂമിയും ഏറ്റെടുക്കാനുള്ള നീക്കം എന്ത് വിലകൊടുത്തും തടയുമെന്ന നിലപാടാണ് ചിലര്‍ സ്വീകരിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിന് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നായിരുന്നു ചിലരുടെ ആവശ്യം.ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പുതിയ സര്‍വേ ആവശ്യമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കൂടുതല്‍ നഷ്ടപരിഹാരം ലഭ്യമാക്കാനാകൂ എന്നുമായിരുന്നു കലക്ടറുടെ മറുപടി.സ്ഥാപനാധികൃതര്‍ കടുത്ത നിലപാടെടുത്തതോടെ ജില്ലാ ഭരണകൂടത്തിന് കൃത്യമായ മറുപടി പറയാന്‍ കഴിയാതെ യോഗം പിരിച്ചുവിടുകയായിരുന്നു.സ്ഥാപനാധികൃതര്‍ അവരവരുടെ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി
സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.അതെസമയം, ദേശീയപാത സ്ഥലമേറ്റെടുക്കല്‍ സ്‌പെഷ്യല്‍ ഓഫീസുകളുടെ പ്രതിസന്ധിയെക്കുറിച്ചുള്ള പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഓഫീസ്‌കെട്ടിടങ്ങളുടെ വാടക കുടിശികയും പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ ശമ്പള കുടിശികയും അടിയന്തരമായി കൊടുത്തുതീര്‍ക്കാന്‍ കലക്ടര്‍ ഉത്തരവിടുകയായിരുന്നു.പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ശമ്പളം ലഭിച്ചിട്ട്.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാരും സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരും പങ്കെടുത്തിരുന്നു
















