കണ്ണൂര്‍: വിഎച്ച്പി നേതാവ് അശോക് സിംഗാളിന്റെ വേര്‍പാട് സംഘ പ്രസ്ഥാനങ്ങള്‍ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ജി ഭാഗവത് കണ്ണൂരില്‍ പറഞ്ഞു. കണ്ണൂരില്‍ നടക്കുന്ന ആര്‍എസ്എസ് സംസ്ഥാന കാര്യകര്‍ത്താ വികാസ് വര്‍ഗ്ഗില്‍ സംബന്ധിക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സിംഗാളിന്റെ വേര്‍പാട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിടവാണ് സംഘപ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ളത്. താനുള്‍പ്പെടെയുള്ള തലമുറയുമായി 1980 മുതല്‍ സിംഗാള്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു. നിര്‍ഭയനായിരുന്ന അദ്ദേഹം തികഞ്ഞ ആത്മാര്‍ത്ഥതയുള്ള മഹത് വ്യക്തിയായിരുന്നു. എല്ലാ കാര്യകര്‍ത്താക്കള്‍ക്കും അദ്ദേഹത്തിന്റെ അനുഭവങ്ങള്‍, മറ്റുള്ളവരുമായുള്ള സ്‌നേഹപൂര്‍ണമായ പെരുമാറ്റം എന്നിവ മാതൃകയാക്കാവുന്നതാണ്. സംഘപ്രസ്ഥാനങ്ങള്‍ക്കുള്ളിലും പൊതുസമൂഹത്തിലും മറ്റുള്ളവരുമായി ഊഷ്മളമായ സ്‌നേഹബന്ധം നിലനിര്‍ത്തിയ അദ്ദേഹം മികച്ച സംഘാടകനും നേതൃത്വ പാടവത്തിന് ഉടമയുമായിരുന്നു. രാമജന്മഭൂമി വീണ്ടെടുക്കുന്നതിനായുള്ള പ്രക്ഷോഭത്തിന്റെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച മുഖ്യ ഉപകരണമായിരുന്നു അദ്ദേഹമെന്നും മോഹന്‍ജി ഭാഗവത് അനുസ്മരിച്ചു. ഏഴ് ദിവസം മുമ്പേ ആശുപത്രിയില്‍ സന്ദര്‍ശിച്ച് സിംഗാളിനെ നേരിട്ട് കണ്ടിരുന്നതായും എന്നാല്‍ ഇത്ര പെട്ടെന്ന് അദ്ദേഹത്തിന്റെ വേര്‍പാട് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിരമിച്ച ശേഷം ഉന്നത വേദ പ്രചാരകനായും സംഘപ്രസ്ഥാനങ്ങളുടെ ഉപദേശകനായും സിംഗാള്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
















