പാരീസ്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സൈബര്‍ യുദ്ധം പ്രഖ്യാപിച്ച് അജ്ഞാത ഇന്റര്‍നെറ്റ് ഹാക്കിംഗ് നെറ്റ്‌വര്‍ക്ക് സംഘം (അനോണിമസ്) രംഗത്ത്. യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് ഇവര്‍ ഐഎസിനെതിരേ പോരാട്ടം പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകത്താകമാനം നിങ്ങളെ വേട്ടയാടാന്‍ തയാറാണെന്നാണ് ഹാക്ക്റ്റിവിസ്റ്റ് സംഘം അറിയിച്ചത്. സംഭവത്തെക്കുറിച്ച് ഫ്രഞ്ച് സൈബര്‍ സെക്യൂരിറ്റി അന്വേഷണം ആരംഭിച്ചു. രാഷ്‌ട്രീയ പ്രശ്‌നങ്ങളും അനീതിയും അക്രമങ്ങളും സംഭവിക്കുമ്പോള്‍ സൈബര്‍ യുദ്ധം നടത്തി ആഗോള തലത്തില്‍ ശ്രദ്ധനേടിയ സംഘമാണ് അനോണിമസ്. അനോണിമസ് ഇതുവരെ നടപ്പാക്കിയ സൈബര്‍ യുദ്ധങ്ങളില്‍ ഏറ്റവും വലുതായിരിക്കും ഇതെന്ന് അവര്‍ പുറത്തുവിട്ട യൂട്യൂബ് വീഡിയോ സന്ദേശത്തില്‍ പറയുന്നു
നവംബര്‍ 13ന് നിങ്ങള്‍ ഞങ്ങളുടെ രാജ്യതലസ്ഥാനത്ത് തുടര്‍ ആക്രമണം നടത്തി. നിങ്ങള്‍ക്കെതിരായ പോരാട്ടത്തിന് ഇവിടെ തുടക്കമിടുകയാണ്. സൈബര്‍യുദ്ധത്തിനായി തയാറെടുത്തുകൊള്ളൂ. യുദ്ധം പ്രഖ്യാപിച്ചുകഴിഞ്ഞൂ- അജ്ഞാത സംഘം അറിയിച്ചു. മണിക്കൂറുകള്‍ക്കകം 1.3 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്.
ഫ്രാന്‍സിലെ ചാര്‍ളി ഹെബ്ദോ മാസികക്കു നേരെ നടന്ന ആക്രമണത്തിലും സമാനമായ യുദ്ധപ്രഖ്യാപനം അവര്‍ നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ഐ.സിന്റെ ആയിരക്കണക്കിന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തകര്‍ത്തിരുന്നു.
അതേസമയം, ഹാക്കിംഗ് തടയാന്‍ ഐഎസ് ട്വിറ്ററിലൂടെ തങ്ങളുടെ അനുയായികളോട് ആഹ്വാനം ചെയ്തു. ഹാക്കിംഗ് തടയാന്‍ ചിലനിര്‍ദേശങ്ങളും ഐഎസ് നല്കി. വേണ്ട നിര്‍ദേശങ്ങള്‍ അതതു സമയത്തു നല്കാമെന്നും ഐഎസ് ട്വിറ്ററിലൂടെ അറിയിച്ചു.
















