കല്യാശ്ശേരി: സിപിഎം കല്യാശ്ശേരി വെള്ളാംചിറ വടക്ക് ബ്രാഞ്ച് സെക്രട്ടറി രഞ്ചിത്തിന്റെ ബൈക്ക് കത്തിച്ച സംഭവത്തില്‍ മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ണപുരം പോലീസിന്റെ പിടിയിലായ സംഭവം സിപിഎമ്മിനുളളില്‍ പുകയുന്നു. സമാധാനം നിലനില്‍ക്കുന്ന മേഖലയില്‍ കരുതിക്കൂട്ടി അക്രമങ്ങളുണ്ടാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ വാഹനം അഗ്നിക്കിരയാക്കിയ സംഭവം പാര്‍ട്ടിക്കുളളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും അഭിപ്രായ ഭിന്നതക്കും വഴി തുറന്നിരിക്കുകയാണ്.
ഇരിണാവ് പയ്യട്ടം സ്വദേശികളായ പി.വി.ബാബു (41), പി.ബിജു (33),കെ.വി.സിബി(24) എന്നീ സിപിഎമ്മുകാരാണ് കേസില്‍ പിടിയിലായത്. മറ്റൊരു പ്രതിയായ പടന്നക്കര ഫിജിന്‍ ഗള്‍ഫിലേക്ക് കടന്നതായി പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. രഞ്ചിത്തിനോടുള്ള വിദ്വേഷമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ആഗസ്ത് മുപ്പതിനാണ് ആദ്യം ബൈക്ക് കത്തിക്കാന്‍ ശ്രമമുണ്ടായത്. വീട്ടുകാര്‍ അറിഞ്ഞതിനെത്തുടര്‍ന്ന് ബൈക്ക് പൂര്‍ണമായി കത്തിയിരുന്നില്ല. എന്നാല്‍ സപ്തംബര്‍ 18ന് രാത്രി അതേ ബൈക്ക് വീണ്ടും അഗ്‌നിക്കിരയാക്കി. സംഭവത്തിനുപിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ആദ്യംതന്നെ സൂചനയുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. പ്രതികളെ ചോദ്യംചെയ്തതിനെ തുടര്‍ന്ന് കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
പ്രതികളെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് കൂടുതല്‍ തെളിവെടുത്തു. സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും പിടികൂടാനുളള ശ്രമത്തിലാണ് പോലീസ്. പ്രതികളെയെല്ലാം കണ്ണപുരം എസ്‌ഐ. ബിനുമോഹനന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച പുലര്‍ച്ചെയാണ് കസ്റ്റഡിയിലെടുത്തത്.
















