ചേര്‍ത്തല: ഒറ്റമശ്ശേരിയില്‍ രണ്ടു യുവാക്കളെ ലോറിയിടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ കണ്ടെത്താനായില്ല. ഒറ്റമശേരിയും സമീപപ്രദേശങ്ങളും കനത്ത പോലീസ് നിരീക്ഷണത്തില്‍. അന്ധകാരനഴി സ്വദേശികളായ ടാലീഷ് സഹോദരന്‍ പോള്‍സണ്‍, ചേര്‍ത്തല സ്വദേശികളായ അജീഷ്, വിജീഷ് എന്നിവരാണ് പിടിയിലാകാനുള്ളത്.
കൊലപാതകം നടന്ന സമയത്ത് ലോറിയിലുണ്ടായിരുന്ന ഇവര്‍ സംഭവശേഷം ഡ്രൈവര്‍ പോലീസ് പിടിയിലാകുന്നതിനു തൊട്ടുമുന്‍പാണ് രക്ഷപെട്ടത്. കേസുമായി ബന്ധപ്പെട്ട് പ്രതികളുമായി അടുപ്പം പുലര്‍ത്തുന്നവരടക്കം ഇരുപതോളം പേരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്നാണ് വിവരം. പ്രതികളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇവരുടെ കോള്‍ ലിസ്റ്റ് ശേഖരിക്കുവാനും നീക്കം തുടങ്ങിയിട്ടുണ്ട്. അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. പ്രതികള്‍ സംസ്ഥാനം വിട്ടു പോകുവാനുള്ള സാധ്യതയും, ഇവരുടെ ക്രിമിനല്‍ പശ്ചാത്തലവും പരിഗണിക്കുന്നുണ്ട്.
കൊലപാതകത്തിന് ശേഷം രക്ഷപെട്ട പ്രതികള്‍ അരൂക്കുറ്റിയില്‍ എത്തിയതായി സൂചന ലഭിച്ചെങ്കിലും അന്വേഷണ സംഘം എത്തുന്നതിനു മുമ്പേ രക്ഷപെട്ടതായാണ് വിവരം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പ്രതികളുടെയും വീടുകള്‍ ഉള്‍പ്പെടുന്ന ഒറ്റമശേരി മേഖല കനത്ത പോലീസ് നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച വൈകിട്ട് 6.30 യോടെയാണ് തീരദേശ പാതയില്‍ ഒറ്റമശ്ശേരിയില്‍ ബൈക്കിനു പിന്നില്‍ ലോറിയിടിപ്പിച്ച് അന്ധകാരനഴി കാട്ടുങ്കല്‍ തയ്യില്‍ യോഹന്നാന്റെ മകന്‍ ജോണ്‍സണ്‍ (40), കളത്തില്‍ പാപ്പച്ചന്റെ മകന്‍ സുബിന്‍ (27) എന്നിവര്‍ കൊല്ലപ്പെട്ടത്.
ആദ്യം അപകടമെന്നു കരുതിയിരുന്ന സംഭവമാണ് പിന്നീട് ആസൂത്രിത കൊലപാതകമെന്നു തെളിഞ്ഞത്. ലോറി ഡ്രൈവര്‍ സിബുവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയത്.
നവമാധ്യമങ്ങളിലടക്കം പോലീസ് പ്രധാന പ്രതികളുടെ ചിത്രം പരസ്യപെടുത്തിയിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ഉടന്‍ പ്രതികളെ പിടികൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
















