ന്യൂദല്‍ഹി: ഭാരതത്തിലെ മുഴുവന്‍ കലകളുടെയും കലാകാരന്മാരുടെയും പട്ടിക തയ്യാറാക്കി സമാഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. ഇതുവഴി ഭാരതീയമായ മുഴുവന്‍ കലകളുടെയും വിവരങ്ങള്‍ ലഭക്കുകയും അതില്‍ പിന്തുണയും സഹായവും ആവശ്യമായവയെ കണ്ടെത്തുകയും ചെയ്യാനാവുമെന്നാണ് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ലക്ഷ്യം. രാജ്യത്ത് ഇതാദ്യമായാണ് മഹത്തും ബൃഹത്തുമായ ഇത്തരമൊരു പദ്ധതി.
അതിപ്രശസ്തമായ കലകള്‍ക്കും കലാ സമ്പ്രദായങ്ങള്‍ക്കുമൊപ്പം അജ്ഞാതമായവയും അപ്രശസ്തമായവയും ഈ പട്ടികയില്‍ ചേര്‍ക്കും. തനി നാട്ടിന്‍പുറത്തുള്ള കലകള്‍ക്കും കലാകാരന്മാര്‍ക്കും ഈ പട്ടികയില്‍ ഇടം കിട്ടും ഇതില്‍നിന്ന് അന്യം നിന്നു പോകുന്നവയെയും സംരക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കാനും അവശ്യമായവയ്‌ക്കും കലാകാരന്മാര്‍ക്കും സഹായം നല്‍കാനും കഴിയുമെന്നാണ് സാംസ്‌കാരിക വകുപ്പ് വിലയിരുത്തുന്നത്.
നിലവില്‍ സാംസ്‌കാരിക വകുപ്പിന്റെ പക്കല്‍ ഇതു സംബന്ധിച്ച കൃത്യമായ ഒരു വവരവും ഇക്കാലത്തിനിടെ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇരുട്ടില്‍ തപ്പുകയാണിപ്പോള്‍. ഈ പുതിയ പദ്ധതിവഴി കലാകാരന്മാര്‍ക്കും പരസ്പരം അറിയാനും ആവശ്യക്കാര്‍ക്ക് രാജ്യത്തെ കലാപാരമ്പര്യത്തെയും കലാകാര സമ്പത്തിനെയും കുറിച്ച് അറിയാനും കഴിയും.
















