ന്യൂദല്‍ഹി: സമാധാനപ്രേമികളായ മുസ്ലിങ്ങള്‍ പാരീസിലെപ്പോലുള്ള അക്രമങ്ങളെ അപലപിക്കുന്നതിനപ്പുറം സമാധാനപൂര്‍ണ്ണമായ ലോകത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വരണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹെപ്തുള്ള അഭ്യര്‍ത്ഥിച്ചു. ഒരുകൂട്ടം ഭ്രാന്തന്മാര്‍ മുസ്ലിം സമുദായത്തിന്റെ പേരുചീത്തയാക്കാന്‍ ഇറങ്ങിയിരിക്കുകയാണ്, വഴിതെറ്റിയ അവരുടെ പദ്ധതികള്‍ തകര്‍ക്കണം, നജ്മ പറഞ്ഞു.
എന്റെ സമുദായത്തില്‍പെട്ട ചിലരാണ് ഇത്തരം നീചമായ പ്രവര്‍ത്തനങ്ങള്‍ക്കു തുനിഞ്ഞിരിക്കുന്നത് എന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. പാരീസില്‍ നിരപരാധികളെ കൊന്ന അവരോട് ദൈവം പൊറുക്കില്ല, ട്വിറ്ററില്‍ നജ്മ കുറിച്ചു.
അമേരിക്കയില്‍ സെപ്തംബര്‍ 11-നുണ്ടായ ആക്രമണ വേളയില്‍ ഞാന്‍ ബുര്‍കിനാ ഫാസോയിലായിരുന്നു. എന്റെ മകള്‍ ന്യൂയോര്‍ക്കില്‍ ജോലി ചെയ്യുകയായിരുന്നു. അവള്‍ ഏതു കെട്ടിടത്തില്‍ എന്നൊന്നും അറിയാതെ അരമണിക്കൂറിലേറെ ഞാന്‍ കഠിനമായി വേദനിച്ചു. ഒടുവില്‍ മകള്‍ വിളിച്ചപ്പോളാണ് സമാധാനമായത്. ഭാരത പാര്‍ലമെന്റില്‍ ഭീകരാക്രമണം നടന്നത് അന്നത്തെ എന്റെ ഓഫീസില്‍നിന്ന് 30 മീറ്റര്‍ മാത്രം അകലെയായിരുന്നു, അവര്‍ ഓര്‍മ്മിക്കുന്നു.
















