അമ്പലപ്പുഴ: മത്സ്യവില്പനകേന്ദ്രങ്ങളിലെ മലിനജലം ഒഴുക്കുന്നത് ദേശീയ പാതയില്‍ നടപടിയെടുക്കാതെ പോലീസും ആരോഗ്യവകുപ്പും. അമ്പലപ്പുഴ, കരൂര്‍, പഴയങ്ങാടി ഭാഗത്താണ് മലിനജലം ദേശീയപാതയില്‍ ഒഴിച്ച് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. കടലില്‍ നിന്നും വല ഉള്‍പ്പെടെ മത്സ്യവുമായി ദേശീയ പാതയില്‍ എത്തിച്ചശേഷം പ്ലാസ്റ്റിക് ഷീറ്റുകളിലിട്ടാണ് മത്സ്യം അഴിച്ചെടുക്കുന്നത്.
ദേശീയപാതയോടു ചേര്‍ന്ന് വാഹനയാത്രക്കാരെ ലക്ഷ്യമിട്ടാണ് ഇത്രത്തില്‍ മത്സ്യവില്പന നടത്തുന്നത്. ഈസമയം മത്സ്യത്തില്‍ നിന്നും പുറത്തുതള്ളുന്ന ചോരയുള്‍പ്പെടെയുള്ള മലിനജലം പ്ലാസ്റ്റിക് ബക്കറ്റുകളില്‍ നിറച്ച് ദേശീയ പാതയിലാണ് കച്ചവടക്കാര്‍ ഒഴിക്കുന്നത്.
ഈവെള്ളത്തില്‍ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാരിലും ചെറിയ വാഹനങ്ങളിലും തെറിക്കുന്നത് നിത്യസംഭവമാണ്. കൂടാതെ ദേശീയ പാതയോരങ്ങള്‍ ദുര്‍ഗന്ധം വമിക്കുന്ന സ്ഥലമായി ജനങ്ങളെ ദുരിതമയമാക്കുന്നു. ഇത്തരം അനധികൃത മത്സ്യവില്പന കേന്ദ്രങ്ങള്‍ക്കെതിരെ ആരോഗ്യവകുപ്പും പോലീസും നടപടിയെടുക്കാത്തതിന് പിന്നില്‍ ദുരൂഹത ഉയരുന്നുണ്ട്.
അടിയന്തരമായി അനധികൃത മത്സ്യവ്യാപാരത്തിനെതിരെ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പഴയങ്ങാടി കാവില്‍ ശിവക്ഷേത്രത്തിനു തെക്കു ഭാഗത്ത് മലിനജലം നിരന്തരം ഒഴുക്കിവിടുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
















