ഔറംഗബാദ്: പീഡനക്കേസില്‍ പ്രതിയായി ജയിലില്‍ പോയ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം അതേ കേസിലെ സ്ത്രീയെ വീണ്ടും പീഡിപ്പിച്ചതായി പരാതി. റെയില്‍വേയില്‍ സ്റ്റേഷന്‍ മാസ്റ്ററാണ് പ്രതി. വിധവയായ 36കാരിയാണ് രണ്ടാമതും പ്രതിയുടെ ക്രൂരതയ്‌ക്കിരയായത്.
രണ്ട് കുട്ടികളുടെ മാതാവ് കൂടിയായ സ്ത്രീയുടെ ഭര്‍ത്താവ് നേരത്തെ മരണമടഞ്ഞിരുന്നു. ഭര്‍ത്താവ് റെയില്‍വേ ഉദ്യാഗസ്ഥനായിരുന്നു.
2013 മാര്‍ച്ചിലാണ് ഇവര്‍ ആദ്യപരാതി നല്‍കിയത്. പ്രതിയായ സ്‌റ്റേഷന്‍ മാസ്റ്റര്‍ ഇവരെ 2012 ജൂലൈ മുതല്‍ 2013 മാര്‍ച്ച് വരെയുള്ള കാലയളവില്‍ വിവിധയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഇവര്‍ക്ക് വിവാഹവാഗ്ദാനവും നല്‍കിയിരുന്നു. പിന്നീട് കുട്ടികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡിപ്പിച്ചത്.
2013 മാര്‍ച്ചില്‍ തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തിന് ശേഷം ഉപാധികളോടെ ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ചതിന് ശേഷം ഇയാളെ സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്തു.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം പല തവണ വീട് സന്ദര്‍ശിച്ചെന്നും പീഡിപ്പിച്ചെന്നുമാണ് രണ്ടാമത്തെ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. എത്ര തവണ ബലാത്സംഗം ചെയ്താലും ശിക്ഷയില്‍ മാറ്റമുണ്ടാകില്ലെന്ന് പ്രതി പറഞ്ഞതായും പരാതിയില്‍ പറയുന്നു.
പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.
















