പാരീസ്: മധ്യ പാരീസിലെ ബാറ്റാക്ലാന്‍ തിയേറ്ററില്‍ ആക്രമണം നടത്തിയത് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള ഫ്രഞ്ച് പൗരനെന്ന് റിപ്പോര്‍ട്ട്.അക്രമികള്‍ ഫ്രഞ്ചില്‍ സംസാരിക്കുന്നത് കേട്ടതായി ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കി .തുടര്‍ന്ന് അക്രമിയുടെ വിരലടയാളം പരിശോധിച്ചതിലൂടെയാണ് ഫ്രഞ്ച് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.
തിയേറ്ററില്‍ കലാപരിപാടികള്‍ ആസ്വദിക്കാനെത്തിയവരില്‍ നൂറോളം പേരെ ഇയാള്‍ ബന്ദികളാക്കുകയും തുടര്‍ന്ന് ദാരുണമായി വെടിവെച്ചുകൊല്ലുകയുമായിരുന്നു. അക്രമി നൂറു റൗണ്ട് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ കാറില്‍ നിന്നും മറ്റു ഭീകരരുടെതെന്നു കരുതുന്ന സിറിയന്‍ പാസ്‌പോര്‍ട്ടുകളും കണ്ടെടുത്തിട്ടുണ്ട്. ഭീകരരില്‍ ഒരാള്‍ അഭയാര്‍ഥികളോടൊപ്പം ഫ്രാന്‍സിലേക്ക് കടന്നതാണെന്നും സൂചന ലഭിച്ചിട്ടുണ്ട്.
അതേസമയം ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ ബെല്‍ജിയത്തില്‍ പിടിയിലായി. ഇതില്‍ ഒരാള്‍ ആക്രമണം നടന്ന ദിവസം പാരീസില്‍ ഉണ്ടായിരുന്നുവെന്ന് സൂചനകള്‍ അന്വേഷണസംഘത്തിന് കിട്ടിയിട്ടുണ്ട്. സിറിയയിലെ ഇടപെടല്‍ ഫ്രാന്‍സ് നിര്‍ത്തിയില്ലെങ്കില്‍ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് മുന്നറിയിപ്പ് നല്‍കി.
സ്റ്റാഡേ ഡി ഫ്രാന്‍സെ, ലാ കാസ നൊസ്തറാ, ബാറ്റാക്ലാന്‍ എന്നിങ്ങനെ മൂന്നിടങ്ങളിലായി ഏതാണ്ട് ഒരേ സമയം നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ മൂന്ന് സംഘങ്ങളാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. കലാഷ് നിക്കോള്‍ റൈഫിളുകളും വന്‍ സ്‌ഫോടക ശേഖരവുമായാണ് ആക്രമികള്‍ എത്തിയത്.
ആക്രമണസംഘത്തിലെ 7 പേര്‍ കൊല്ലപ്പെട്ടു. പാരീസിന് 25 കിലോ മീറ്റര്‍ അകലെ കൗര്‍കൗര്‍നെസില്‍ നിന്നുളള്ള ഒരാളും സംഘത്തില്‍ ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
സ്റ്റാഡേ ഡി ഫ്രാന്‍സെയില്‍ പൊട്ടിത്തെറിച്ച ചാവേറുകള്‍ക്ക് സമീപത്ത് നിന്ന് ഒരു സിറിയന്‍ പാസ്‌പോര്‍ട്ടും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. ലെറോസ് ദ്വീപിലൂടെ അഭയാര്‍ത്ഥിയായി ഗ്രീസിലെത്തിയ ആളിന്റേതാണ് പാസ്‌പോര്‍ട്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബെല്‍ജിയം രജിസ്ട്രേഷനിലുള്ള രണ്ട് കാറുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. തീവ്രവാദികളില്‍ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
അതിനിടെ ഫ്രാന്‍സ് സിറിയന്‍ പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്ന വീഡിയോ ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്ത് വിട്ടു . മാര്‍ക്കറ്റില്‍ പോകാന്‍ പോലും ഫ്രഞ്ച് ജനതയെ അനുവദിക്കില്ലെന്നാണ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണി. ആക്രമണത്തിന്റെ ഫ്രഞ്ച് സര്‍ക്കാരും ഉത്തരവാദികളാണെന്ന വാദവുമായി സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദും രംഗത്തെത്തി.
സിറിയന്‍ വിമതരെ സഹായിച്ച ഫ്രഞ്ച് സര്‍ക്കാരിന്റെ നടപടിക്കുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു.
















