ആലപ്പുഴ: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണകളില്‍ ജില്ലയില്‍ ശിശുദിനാഘോഷ പരിപാടികള്‍ നടന്നു. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ജില്ലാ തല ശിശുദിന റാലി സംഘടിപ്പിച്ചു. വര്‍ണ്ണാഭമായ ശിശുദിനറാലിയില്‍ നഗരത്തിലെ സ്‌കൂളുകളില്‍ നിന്ന് നൂറുകണക്കിന് കുട്ടികള്‍ അണിനിരന്നു.
നിയന്ത്രണമില്ലാത്ത വിഷപ്രയോഗത്തിന്റെ ദുരന്തഫലങ്ങള്‍ , ലോകരാജ്യങ്ങളുടെ സാംസ്‌കാരിക വൈവിധ്യം തുടങ്ങിയവ വിളിച്ചോതുന്നതായിരുന്നു റാലി. ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ റാലി എസ്ഡിവി ബോയ്‌സ് സ്‌കൂളില്‍നിന്ന് ആരംഭിച്ച് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ സമാപിച്ചു. റാലിയുടെ ഫഌഗ് ഓഫ് ജില്ലാ പോലീസ് മേധാവി വി. സുരേഷ് കുമാര്‍ നിര്‍വഹിച്ചു.
ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന സമാപന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി വി. സ്‌നേഹ ഉദ്ഘാടനം ചെയ്തു. പ്രസംഗമത്സരം ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാമതെത്തിയ നിഥിന്‍ ജോഷ് എബ്രഹാം ആധ്യക്ഷ്യം വഹിച്ചു. കല്ലേലി രാഘവന്‍പിള്ള ശിശുദിന സന്ദേശം നല്‍കി. ജി. സുധാകരന്‍ എം.എല്‍.എ. ആശംസ അര്‍പ്പിച്ചു. ഗാനരചയിതാവും കവിയുമായ വയലാര്‍ ശരദ്ചന്ദ്രവര്‍മ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.എസ് പ്രണവ് സ്വാഗതവും ദേവനാരായണന്‍ നന്ദിയും പറഞ്ഞു.
















