ആലപ്പുഴ: തെരഞ്ഞെടുപ്പു പരാജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമായി ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിക്കെതിരെ മാദ്ധ്യമങ്ങളിലൂടെ കുറ്റവിചാരണ നടത്തിയ മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയുമായിരുന്ന ഷാനിമോള്‍ ഉസ്മാനെതിരെ കെപിസിസിക്കു പരാതി നല്‍കുമെന്നും ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ പറഞ്ഞു. ഷാനിമോള്‍ ഉസ്മാന്‍ കഴിഞ്ഞ കുറേക്കാലങ്ങളായി പാര്‍ട്ടിക്കെതിരെയാണ് പ്രവര്‍ത്തക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകാന്‍ കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെവീഴ്ചയും ഡിസിസിയുടെ പിടിപ്പുകേടുമാണെന്ന് കഴിഞ്ഞ ദിവസം ഷാനിമോള്‍ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തും ഷാനിമോളുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ വിവാദമുയര്‍ന്നിരുന്നു. സോളാര്‍ തട്ടിപ്പില്‍ ആരോപണവിധേയനായ കെ.സി.വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ഷാനിമോള്‍ പ്രതികരിച്ചതാണ് വിവാദമായത്. ഡിസിസിയും കെപിസിസി പ്രസിഡന്റും അന്ന് ഷാനിമോള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
















