ആലപ്പുഴ: ചൈല്‍ഡ് ലൈനിന്റെ ആഭിമുഖ്യത്തില്‍ ഇന്നുമുതല്‍ 20 വരെ കുട്ടികളുടെ അവകാശ സംരക്ഷണ വാരമായി ആഘോഷിക്കും. ചൈല്‍ഡ് ലൈന്‍ സേ ഡോസ്തി എന്ന പേരിലാണ് ആഘോഷം അറിയപ്പെടുക. 14ന് രാവിലെ 10ന് കളക്ടറുടെ കോണ്‍ഫറന്‍സ് ഹാളില്‍ എംഎല്‍എ ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി വി.സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ശ്രീദേവി ആശംസയര്‍പ്പിക്കും.
15ന് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ഒപ്പുശേഖരണം നടത്തും. ചൈല്‍ഡ് ലൈന്‍ ഇന്ത്യാ ഫൗണ്ടേഷന്റെ ഹ്രസ്വചിത്ര പ്രദര്‍ശനവും നടത്തും. 17ന് കുട്ടികള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് അധികൃതരുമായി ചര്‍ച്ച നടത്തും. 18ന് ഭിന്നശേഷിയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് ആലപ്പുഴ സാന്ത്വനില്‍ കലാപരിപാടികള്‍ നടത്തും. 19ന് കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ അന്താരാഷ്‌ട്ര ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ റാലി നടത്തും. 20ന് കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച് തെരുവുനാടകം നടത്തും.
















