ഹല്‍വാര: സൈനികരുടെ അര്‍പ്പണ മനോഭാവം രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനൊപ്പം സാമ്പത്തിക വളര്‍ച്ച ഭദ്രമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1965ലെ യുദ്ധ സ്മാരക സന്ദര്‍ശനങ്ങളുടെ ഭാഗമായി ഹല്‍വാര വ്യോമസേനാ താവളത്തില്‍ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
രാജ്യം ദീപാവലി ആഘോഷത്തില്‍ ആഹ്ലാദിക്കുന്നതിനു പ്രധാന കാരണം ജീവന്‍ പോലും അവഗണിച്ച് അതിര്‍ത്തി കാക്കുന്ന നൂറുകണക്കിന് സൈനികരുടെ പ്രതിബദ്ധതയെന്നു വ്യക്തമാക്കിയ മോദി, നമ്മള്‍ തമ്മില്‍ അകലം വേണ്ടെന്നു പറഞ്ഞ് നിശ്ചിത അകലത്തില്‍നിന്ന വ്യോമസേനാംഗങ്ങളോട് അടുത്തേക്കു വരാനും ആവശ്യപ്പെട്ടു. മുന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം ഹല്‍വാര സന്ദര്‍ശിച്ച കാര്യവും മോദി അനുസ്മരിച്ചു. അന്ന് ബിജെപി പഞ്ചാബ് ഘടകത്തിന്റെ ചുമതലയുള്ള സെക്രട്ടറിയായിരുന്നു മോദി. ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് അന്ന് കരുതിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇപ്പോള്‍ സാമ്പത്തികവും സാങ്കേതികതയുമൊക്കെയാണ് രാഷ്‌ട്ര വികസനത്തിന്റെ അളവുകോലായി കാണുന്നത്. എന്നാല്‍, പിഴവില്ലാത്ത സുരക്ഷയാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. കഴിഞ്ഞ 18 മാസം കൊണ്ട് ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ ആത്മാഭിമാനം ഉയര്‍ന്നു. ഭാരതത്തെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങി.
സുരക്ഷ, ജനാധിപത്യമൂല്യങ്ങള്‍, ഊര്‍ജ്ജസ്വലമായ ജുഡീഷ്യറി തുടങ്ങിയവയാണ് രാജ്യത്തെ മുന്നോട്ടു നയിക്കുന്നത്. ഇവിടെ നിക്ഷേപത്തിന് അനുയോജ്യമായ സാഹചര്യമാണെന്നു മനസിലാക്കി ഒട്ടേറെ വിദേശികള്‍ നിക്ഷപത്തിന് തയാറാകുന്നു- മോദി പറഞ്ഞു. പ്രതിരോധ മേഖലയില്‍ പതിനാറ് മാസത്തിനുള്ളില്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാകും. ഇതോടെ, സൈന്യത്തിന് സാങ്കേതികതയുടെ പിന്തുണയും ലഭിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി.
















