ബി.പ്രമോദ്കുമാര്‍
പുനലൂര്‍: തെന്മല ഇക്കോടൂറിസം കേന്ദ്രത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശമായ ബോട്ടിങ് സെന്ററില്‍ ഇപ്പോള്‍ തിരക്ക് കുറഞ്ഞ നിലയിലാണ്. മുമ്പ് ഏറെ തിരക്കനുഭവപ്പെട്ടിരുന്ന സെന്ററില്‍ ഇതിന് കാരണമായത് അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയാണ്. ഇതിനോടൊപ്പം അമിതഫീസും സന്ദര്‍ശകരെ അകറ്റി.
മുമ്പ് ഇവിടെ മൂന്ന് ബോട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് നൂറുരൂപയില്‍ താഴെ മാത്രമായിരുന്നു ഫീസ് നിരക്ക്. എന്നാല്‍ ഇപ്പോള്‍ ബോട്ടിങ് ഫീസ് ആളൊന്നിന് 260 രൂപയാണ്. മുമ്പ് ഇക്കോടൂറിസം ഓഫീസില്‍ എത്തുന്ന ബോട്ട് സവാരിക്കാരെ എര്‍ത്ത് ഡാമില്‍ ഇക്കോടൂറിസം വാഹനത്തില്‍ എത്തിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സൗകര്യമില്ല. സ്വന്തം വാഹനത്തിലോ പുറത്തുനിന്നും വാടകക്കോ എടുത്തുവേണം ഓഫീസില്‍ നിന്നും മൂന്ന് കിലോമീറ്ററോളം ദൂരെ ബോട്ടിങ്‌സെന്ററില്‍ എത്താന്‍. ശെന്തുരുണി വന്യജീവിസങ്കേതത്തിലെ കല്ലട റിസര്‍വോയറില്‍ ഒരുമണിക്കൂര്‍ ദൈര്‍ഘ്യത്തിമുള്ള ബോട്ട് യാത്രക്ക് മുതിര്‍ന്നവര്‍ക്ക് അമ്പത് രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് ആദ്യകാലത്ത് ഈടാക്കിയിരുന്നത്. ആ ചാര്‍ജാണ് കുത്തനെ കൂട്ടിയത്. കഴിഞ്ഞവര്‍ഷം ആദ്യവാരത്തിലാണ് പഴയ മൂന്ന് ബോട്ടുകളും തകര്‍ന്നതിനെ തുടര്‍ന്ന് കൊച്ചിയില്‍ പുതിയ മൂന്ന് ബോട്ടുകള്‍ തെന്മല ഇക്കോടൂറിസം പ്രമോഷന്‍ സൊസൈറ്റി വഴി വാങ്ങിയത്. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഇക്കോടൂറിസം കേന്ദ്രത്തിന് മുതല്‍ക്കൂട്ടാകുമായിരുന്ന ബോട്ടിങ് സെന്ററില്‍ സഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനും സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ടൂറിസം പാക്കേജ് നടപ്പാക്കാനും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവിടെയുള്ള മിക്ക സോണുകളും സകര്‍ച്ചയിലാണ്.
ബോട്ടിങ് കഴിഞ്ഞാല്‍ സഞ്ചാരികള്‍ കാണാനിഷ്ടപ്പെട്ടിരുന്ന നൃത്തജലധാര തകര്‍ച്ചയിലാണ്. ഇക്കോടൂറിസം കേന്ദ്രത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലത്താണ് നൃത്തജലധാരയുള്ളത്. കെഐപിയും ഇക്കോടൂറിസം വകുപ്പും തമ്മിലുള്ള ശീതസമരങ്ങളും ടൂറിസം കേന്ദ്രത്തിലെ വിപുലീകരണത്തിന് തടസമായി നില്‍ക്കുകയാണ്.
1999 ഡിസംബറില്‍ തുടക്കം കുറിച്ച പദ്ധതിക്കായി ആദ്യഘട്ടത്തില്‍ ആറുകോടിയും പിന്നീട് നിരവധി കോടികളും ചിലവിട്ടിട്ടും പാഴാക്കിയ പദ്ധതി ഇടതുവലതുമുന്നണി സര്‍ക്കാരുകള്‍ പൂര്‍ണമായും കയ്യൊഴിയുകയായിരുന്നു.
















