പാലാ: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചുകൊണ്ടിരുന്ന വികലാംഗനെ വീടിനു സമീപമെത്തി ഒരു സംഘം ആക്രമിച്ചു. കാലിനും തലയ്‌ക്കും പരിക്കേറ്റ ഗൃഹനാഥനെ പാലാ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലാ വെള്ളിയേപ്പള്ളി മഠത്തിനുക്കുന്നേല്‍ മോഹന്‍ദാസി(48)നെയാണ് ചൊവ്വാഴ്ച രാത്രി 11 മണിയോടെ സമീപവാസിയായ മല്ലൂര്‍ ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. ബാര്‍കോഴക്കേസില്‍ കെ.എം. മാണി രാജിവച്ചതിന്റെ ആഘോഷമാണെന്ന് തെറ്റിദ്ധരിച്ചാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗക്കാരുടെ ആക്രമം. ബിജെപി പ്രവര്‍ത്തകനായ മോഹന്‍ദാസ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു.
മുത്തോലി ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ വിജയിച്ച ബീന ബേബിയുടെ തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങിവരുന്ന വഴിയാണ് ബെന്നി മോഹന്‍ദാസിനുനേരെ ആക്രോശിച്ചുകൊണ്ട് കൈയ്യേറ്റം ചെയ്തത്. പാലാ പോലീസ് കേസെടുത്തു.
















