പട്‌ന:മഹാസഖ്യം വിജയം നേടിയ ബിഹാറില്‍ 243 അംഗങ്ങളുള്ള നിയമസഭയിലേക്ക് എത്തുന്നതില്‍ പകുതി പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍. 243 അംഗ നിയമസഭയില്‍ 143 അംഗങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
ഇതില്‍ 96 പേര്‍ക്കെതിരേ(40 ശതമാനം)കൊലപാതകം തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം, സാമുദായി സൗഹാര്‍ദ്ദം തകര്‍ക്കല്‍ തുടങ്ങിയ ഗുരുതര കേസുകളാണ് ഉള്ളത്.
പുതിയ എംഎല്‍എമാരില്‍ 12 പേര്‍ക്കെതിരേ കൊലപാതകം, 26 പേര്‍ക്കെതിരേ കൊലപാതകശ്രമം, ഒമ്പതുപേര്‍ക്കെതിരേ തട്ടിക്കൊണ്ടുപോകല്‍ കേസുകളാണ് വിവിധ സ്‌റ്റേഷനുകളില്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. 80 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ട ആര്‍ജെഡി എംഎല്‍എമാരാണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസില്‍ പ്രതികളായവര്‍.
ആര്‍ജെഡിയുടെ 49 എംഎല്‍എമാര്‍ക്കുനേരെ ക്രിമിനല്‍ കുറ്റങ്ങള്‍ നിലവിലുണ്ട്. 37 എംഎല്‍എമാര്‍ക്കുനേരെ ക്രിമിനല്‍ കുറ്റങ്ങള്‍ നിലവിലുള്ള ജനതാദളിന്റെ അവസ്ഥയും വ്യത്യസ്തമല്ല.
ബിഹാര്‍ ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് ഇത് സംബന്ധിച്ച് കണക്കു പുറത്തു വിട്ടത്.
















