മട്ടന്നൂര്‍: ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ മട്ടന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിനെ നിയമിച്ചു. കഴിഞ്ഞ 12 വര്‍ഷമായി മട്ടന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിനെ നിയമിക്കാത്തതിനാല്‍ ഈ മേഖലയിലെ ജനങ്ങള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാറാണ് പതിവ്. ഡോക്ടര്‍മാരില്ലാത്തതിനാല്‍ പ്രസവ വാര്‍ഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അനിശ്ചിതമായി പൂട്ടിയിടുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റിനെ കണ്ണൂരിലേക്ക് സ്ഥലം മാറ്റിയതോടെയാണ് മട്ടന്നൂരില്‍ ഡോക്ടര്‍ ഇല്ലാതായത്. തുടര്‍ന്ന് ഒരു ദശാബ്ദക്കാലത്തിലേറെയായി നാട്ടുകാരും ജനപ്രതിനിധികളും ഇവിടെ ഗൈനക്കോളജിസ്റ്റിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് നിരന്തരമായി അധികൃതരെ സമീപിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല. കീഴല്ലൂര്‍, കൂടാളി, തില്ലങ്കേരി, മാലൂര്‍, മട്ടന്നൂര്‍ നഗരസഭ തുടങ്ങിയ പ്രദേശങ്ങളിലെ നൂറു കണക്കിന് സ്ത്രീകള്‍ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രികളെയോ കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ് തുടങ്ങിയ ഇടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളെയോ ആശ്രയിക്കണ്ട സ്ഥിതിയാണ് ഉണ്ടായിരുന്നത്. കൊല്ലം സ്വദേശിനിയായ ഡോ.ബിനിയാണ് ഇവിടെ ഇപ്പോള്‍ ചാര്‍ജ്ജെടുത്തിട്ടുള്ളത്.
















