തുറവൂര്‍: അനധികൃത കൈയേറ്റത്തെ തുടര്‍ന്ന് പൊഴിച്ചാലുകളും തോടുകളും നാമാവശേഷമാവുന്നു. ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയായ പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തുകളുടെ പരിധിലുള്ള പ്രദേശങ്ങളിലെ പൊതുതോടുകളും നീര്‍ച്ചാലുകളുമാണ് സ്വകാര്യ വ്യക്തികള്‍ കൈയ്യേറി നികത്തി സ്വന്തമാക്കുന്നത്. റവന്യു-തദ്ദേശ ഭരണാധികാരികളും കൈയേറ്റങ്ങള്‍ക്ക് മൗനസമ്മതം നല്‍കുന്നതായും ആക്ഷേപമുയരുന്നുണ്ട്. ഒരു പതിറ്റാണ്ട് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണ സമിതികള്‍ നിലവില്‍ വന്ന് മാസങ്ങള്‍ക്കുള്ളില്‍ കൈയ്യേറ്റങ്ങള്‍ കണ്ടെത്താനും ഒഴിപ്പിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടെങ്കിലും ഇരൂ ചെവിയറിയാതെ മടക്കി കെട്ടുകയായിരുന്നു.
ഒരുകാലത്ത് വടക്കന്‍ മേഖലയില്‍ നിന്ന് ചേര്‍ത്തലയിലേയും ആലപ്പുഴയിലേയും വ്യാപാര കേന്ദ്രങ്ങളിലേക്ക് ചരക്കുകളെത്തിച്ചിരുന്ന ഗതാഗത മാര്‍ഗങ്ങളായിരുന്ന പ്രധാന നാട്ടു തോടുകളും ചാലുകളുമെല്ലാം ഓര്‍മ്മയായി മാറി. വലിയകേവു വള്ളങ്ങളുള്പ്പടെയുള്ള ജലയാനങ്ങള്‍ സഞ്ചരിച്ചിരുന്ന പൊതുതോടുകള്‍ പലതും ചുരുങ്ങി കൈത്തോടുകളായി മാറി. ഇതോടെ ഒഴുക്കു നിലച്ച പൊതുതോടുകളും നീര്‍ച്ചാലുകളും മാലിന്യ സംഭരണികളായി. പതിറ്റാണ്ടുകള്‍ മുമ്പ് പൊതുജനങ്ങള്‍ കുളിക്കാനും വസ്ത്രങ്ങള്‍ കഴുകുന്നതിനുമെല്ലാം ആശ്രയിച്ചിരുന്ന പൊതുതോടുകളും ജലാശയങ്ങളുമെല്ലാം ഇന്ന് മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള കേന്ദ്രങ്ങളായി മാറിയിരിക്കയാണ്.
വീടുവയ്ക്കാന്‍ പറ്റിയ സ്ഥലമില്ലാത്ത പാവപ്പെട്ടവര്‍ ഒരു ചെറുതോടോ ഇത്തിരി നിലമോ നികത്തിയാല്‍ അധികൃതരും രാഷ്ട്രീയക്കാരും പരിസ്ഥിതിവാദികളുമെല്ലാം ചാടിവീഴും. നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി പാരിസ്ഥിതിക സന്തുലിതാവസ്ഥ തന്നെ തകര്‍ക്കുന്ന തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വന്‍തോക്കുകള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും അധികൃതരാരും ധൈര്യപ്പെടാറില്ലത്രേ.
പല സ്ഥലങ്ങളിലും പൊതുതോടുകളും ഇടത്തോടുകളും ഇല്ലാതായതോടെ ചെറുമഴയില്‍പ്പോലും വെള്ളക്കെട്ടുകള്‍ രൂപം കൊളളുക പതിവാണ്. പൊതു ജലാശയങ്ങളിലേയും തോടുകളിലേയും അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും മാലിന്യങ്ങള്‍ നീക്കം ചെയ്ത് ആഴംകൂട്ടി സംരക്ഷിക്കാനും നടപടിയുണ്ടാകേണ്ടത് അത്യാവശ്യമാണ്.
















