ഹരിപ്പാട്: ദുരൂഹ സാഹചര്യത്തില്‍ രക്തവും മുടിയും കണ്ടെത്തിയ സംഭവത്തില്‍ യുവാവിനെ കാണാനില്ലെന്ന് പരാതി. കുമാരപുരം പൊത്തപ്പള്ളി തോട്ടുകടവ് ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തിന്റെ കിഴക്കേ പറമ്പില്‍ രക്തം തളംകെട്ടി കിടക്കുകയും തലമുടി മുറിച്ച് മാറ്റിയനിലയിലുമാണ് കാണപ്പെട്ടത്.
സമീപത്തെ താമസക്കാരനായ കുമാരപുരം പുത്തന്‍വീട്ടില്‍ രമയുടെ മകന്‍ രാജേഷിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച രാത്രിയിലാണ് ദുരൂഹസംഭവം നടന്നതെന്ന് പറയപ്പെടുന്നു. പോലീസിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഫോറന്‍സിക് വിദഗ്‌ദ്ധരും ഡോഗ് സ്‌ക്വോഡും സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു. ഡോഗ് സ്‌ക്വോഡ് രക്തം തളംകെട്ടിക്കിടന്ന സ്ഥലം മണത്തശേഷം കാണാതായ രാജേഷിന്റെ വീട്ടിലേക്ക് ഓടിപ്പോയി. രാജേഷിനെ കാണാനില്ലെന്ന അമ്മയുടെ പരാതിയെത്തുടര്‍ന്ന് ഇവരുടെ രക്തവും മുടിയും പോലീസ് ശേഖരിക്കുകയും ഫോറന്‍സിക് ലാബിലേക്ക് അയയ്‌ക്കുകയും ചെയ്തു. കാണാതായ രാജേഷ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന തമ്പാന്‍ കൊലക്കേസിലെ പ്രതിയും മറ്റ് നിരവധി ക്രിമിനല്‍ കേസ്സിലെ കുറ്റവാളിയുമാണ്. രാജേഷിനെ മറ്റാരെങ്കിലും അപകടപ്പെടുത്തി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതാണോ, ഇയാള്‍ മറ്റാരെയെങ്കിലും കൊലപ്പെടുത്തിയതാണോ എന്നും പോലീസ് സംശയിക്കുന്നു. സംഭവസ്ഥലത്ത് പിടിവലിയും വലിച്ചുകൊണ്ടുപോയ പാടുകളും കാണുന്നുണ്ട്.
















