കണ്ണൂര്‍: മുന്‍ മന്ത്രിയും സിഎംപി ജനറല്‍ സെക്രട്ടറിയുമായിരുന്ന എംവിആറിന്റെ ഒന്നാം ചരമ വാര്‍ഷികം പാര്‍ട്ടിയുടെ ഇരു ഗ്രൂപ്പുകാരും വെവ്വേറെ ആചരിച്ചു.
അരവിന്ദാക്ഷന്‍ ഗ്രൂപ്പുകാര്‍ കാലത്ത് എംവിആറിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സ്റ്റേഡിയം കോര്‍ണറില്‍ അനുസ്മരണ സമ്മേളനം നടത്തി. സെക്രട്ടറി കെ.ആര്‍.അരവിന്ദാക്ഷന്‍ എം.വി.ആര്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പി.ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ , സി.കെ നാരായണന്‍ എന്നവര്‍ സംസാരിച്ചു. എംവിആറിന്റെ മക്കളായ ഗിരിജ, നികേഷ് കുമാര്‍, രാജേഷ് എന്നിവരും സംബന്ധിച്ചു.
സി.പി.ജോണ്‍ വിഭാഗത്തിന്റെ അനുസ്മരണ പരിപാടി മുന്‍ മന്ത്രി കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി വിട്ടതിന്റെ പേരില്‍ 1986ല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ എം.വി.രാഘവനെ തെരുവിലൂടെ സിപിഎമ്മുകാര്‍ ചെരുപ്പ് മാല അണിയിച്ച് ചെരുപ്പുകൊണ്ട് അടിച്ച് നടത്തിച്ചത് ആരും മറക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. സി.എ.അജീര്‍ അധ്യക്ഷത വഹിച്ചു. എ.പി സുനില്‍ കുമാര്‍, പ്രൊഫ.എ.ഡി മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.
















