ഇരിട്ടി: ആദിവാസി കുട്ടികള്‍ മാലിന്യം ഭക്ഷണമാക്കിയ സംഭവം സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ലീഗല്‍ സര്‍വ്വീസ് അതോററ്റി ജില്ലാ സെക്രട്ടറിയും സബ്ബ് ജഡ്ജുമായ ഡയറക്ടര്‍ പ്രോസിക്യൂഷന്‍ ബാബുരാജ് പാറമേല്‍ അഭിപ്രായപ്പെട്ടു. ജില്ല ലീഗല്‍ സര്‍വ്വീസ് അതോററ്റിയുടെ നേതൃത്വത്തില്‍ തിരുവോണപ്പുറം അമ്പലക്കുഴി കോളനിയില്‍ അന്വേഷണത്തിനായി എത്തിയതായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആഴ്ചയായിരുന്നു പേരാവൂര്‍ പഞ്ചായത്തിന്റെ കുനിത്തലയിലെ മാലിന്യ സംസ്‌കരണ യൂണിറ്റിലെ മാലിന്യ നിക്ഷേപത്തില്‍ നിന്നും ആദിവാസി കുരുന്നുകള്‍ മാലിന്യം ഭക്ഷിക്കുന്നത് വാര്‍ത്തയായത്. ഇതേത്തുടര്‍ന്നാണ് ജില്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ഉദേ്യാഗസ്ഥര്‍ അന്വേഷണത്തിനായി കോളനിയിലെത്തിയത്. കോളനിയിലെ സൗകര്യങ്ങളെക്കുറിച്ചും ആദിവാസി കുട്ടികള്‍ മാലിന്യത്തില്‍ നിന്നും ഭക്ഷണം കഴിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചുമാണ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത്. 15 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണെന്നും പല വീടുകള്‍ക്കും അടച്ചുറപ്പൂുള്ള വാതിലുകളില്ലാത്തതും വൃത്തിയുള്ള കക്കൂസ് ഇല്ലാത്തതും പ്രധാനമായി കോളനിയില്‍ എത്തിപ്പെടാന്‍ ഗതാഗതയോഗ്യമായ റോഡുകളില്ലാത്തതും സംഘം നിരീക്ഷിച്ചിട്ടുണ്ട്. കോളനിയിലെത്തി നടത്തിയ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഹൈക്കോടതി ജഡ്ജിക്ക് സംഘം സമര്‍പ്പിക്കും. ലീഗല്‍ സര്‍വ്വീസ് അതോററ്റി ജില്ലാ സെക്രട്ടറിയും സബ്ബ് ജഡ്ജുമായ ഡയറക്ടര്‍ പ്രോസിക്യൂഷന്‍ ബാബുരാജ് പാറമേല്‍, ജില്ല സെക്ഷന്‍ ഓഫീസര്‍ മുഹമ്മദ് അനസ്, അതോററ്റി അംഗം പി.കെ രവീന്ദ്രന്‍, പട്ടിക വര്‍ഗ്ഗ ഉപദേശക സമിതി സംസ്ഥാന അംഗം വി.മനോജ് കുമാര്‍ എന്നിവരാണ് കോളനിയില്‍ പരിശോധനകള്‍ക്കും അന്വേഷണത്തിനുമായി എത്തിയത്.കുട്ടികള്‍ മാലിന്യം ഭക്ഷണമാക്കിയ പേരാവൂര്‍ പഞ്ചായത്തിന്റെ കുനിത്തലയിലെ മാലിന്യ സംസ്‌കരണ ശാലയില്‍ എത്തിയും പരിശോധിച്ചു.
















