ചെങ്ങന്നൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ നഗരസഭയില്‍ കോണ്‍ഗ്രസ് വലിയ കക്ഷിയായെങ്കിലും ഭരണം ഏറ്റെടുത്ത് മുന്നോട്ട് പോകണമെങ്കില്‍ ബിജെപിയുടെയും, എല്‍ഡിഎഫിന്റെയും സഹായം വേണ്ടിവരും. ഇരുമുന്നണികളും മാറി മാറി ഭരിച്ച നഗരസഭയില്‍ ബിജെപി അംഗങ്ങളെ വര്‍ദ്ധിപ്പിച്ച് ചരിത്ര നേട്ടം നേടിയുളള കടന്നുവരവാണ് ഇരുമുന്നണികളെയും വെട്ടിലാക്കിയത്. യുഡിഎഫ്-12, എല്‍ഡിഎഫ്-എട്ട്, ബിജെപി-ആറ്, സ്വതന്ത്രന്‍-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
കേവലഭൂരിപക്ഷംനേടി ഭരിക്കണമെങ്കില്‍ യുഡിഎഫിന് 14 അംഗങ്ങളാണ് വേണ്ടത്. 12 സീറ്റ് ലഭിച്ചതില്‍ കോണ്‍ഗ്രസ്-ഒന്‍പത്, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം-മൂന്ന് എന്നിങ്ങനെയാണ്. ഒറ്റകക്ഷിയായി വിജയിച്ച കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ പോലും നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് ബിജെപി അടക്കമുളള പാര്‍ട്ടികളെ ആശ്രയിക്കേണ്ടിവരും.
കൂടാതെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം വനിതാ സംവരണം ആയതിനാല്‍ കോണ്‍ഗ്രസിലെയും, മാണിവിഭാഗത്തിലെ അംഗങ്ങളും തമ്മില്‍ പ്രരംഭ ചര്‍ച്ചയില്‍ തന്നെ തര്‍ക്കം ഉടലെടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം ഇരുവരും തമ്മിലുളള തര്‍ക്കത്തില്‍ നാല് ചെയര്‍പേഴ്‌സണ്‍മാരാണ് നഗരസഭ ഭരിച്ചത്. ഇതുമൂലം വികസനം മുരടിച്ചതായി മുന്‍പ്തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
ജനറല്‍ സീറ്റായ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിലവില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നത് ഡിസിസി അംഗമായ കെ.ഷിബുരാജനെയും, ബ്ലോക്ക് സെക്രട്ടറിയായ ജോണ്‍മുളങ്കാട്ടിലിനെയുമാണ്. ഇരുവര്‍ക്കും രണ്ടര വര്‍ഷം വീതം ഭരിക്കുന്നതിനുളള ധാരണയാണ് നിലവില്‍ വന്നിട്ടുള്ളത്. ഈ വിഷയത്തില്‍പ്പോലും തര്‍ക്കം ആരംഭിച്ചു കഴിഞ്ഞു. ഇരുമുന്നണികളെയും വെട്ടിലാക്കി കൗണ്‍സിലില്‍ അംഗബലം വര്‍ദ്ധിപ്പിച്ച ബിജെപി ആരെ പിന്തുണയ്‌ക്കണമെന്നുള്ള കാര്യത്തില്‍ തീരുമാനം കൈക്കാണ്ടിട്ടില്ല.
അടിയന്തിരമായി ചേരുന്ന കോര്‍കമ്മറ്റിയില്‍ തീരുമാനം ഉണ്ടകുമെന്നും, തുടര്‍ന്ന് സംസ്ഥാന-ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് മുന്‍പോട്ട് പോകുമെന്നും ബിജെപി ജില്ലാ ട്രഷററും, ഇലക്ഷന്‍ ചാര്‍ജ്ജ് ഭാരവാഹിയുമായ കെ.ജി.കര്‍ത്ത അറിയിച്ചു.
ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് ഉള്‍പ്പെടെയുളള യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും, പ്രധാന പ്രതിപക്ഷമായി നഗരസഭയില്‍ ഉണ്ടാകുമെന്നുമാണ് എല്‍ഡിഎഫിന്റെ നിലപാട്. കഴിഞ്ഞ കാലങ്ങളില്‍ ഇരുമുന്നണികളും നടത്തിയിട്ടുള്ള നഗരസഭാ ഭരണത്തിലും, ഒത്തുകളിയിലും ശക്തമായ പ്രതിപക്ഷമായി പ്രവൃത്തിക്കാനാണ് ബിജെപി തയ്യാറെടുക്കുന്നത്.
















