ആലപ്പുഴ: നഗരത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതിന്റെ രോഷം പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയ്ക്ക് നേര്‍ക്കും. വാടയ്ക്കല്‍ ബ്രാഞ്ച് സെക്രട്ടറി ടി.കെ. ജോസിനെയാണ് ഒരു സംഘം സിപിഎമ്മുകാര്‍ വാടയ്ക്കല്‍ ഗുരുമന്ദിരത്തിന് സമീപം വെച്ച് ആക്രമിച്ചത്.
വാടയ്ക്കല്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പാര്‍ട്ടിയ്ക്കെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് ജോസിന്റെ തലയ്ക്ക് ഇഷ്ടിക കൊണ്ട് അടിച്ചത്. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയാഹ്ലാദപ്രകടനത്തിന് നേര്‍ക്ക് ആക്രമണം നടത്തിയ സംഘം തന്നെയാണ് ബ്രാഞ്ച് സെക്രട്ടറിയേയും ആക്രമിച്ചത്.
പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്ക്കൊപ്പം പ്രവര്‍ത്തിച്ച ശേഷം കാലുവാരിയെന്നാണ് ആക്ഷേപം. മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണ് ആക്രമണം എന്ന് പറയപ്പെടുന്നു. സിപിഎമ്മിന്റെ കോട്ടകളെന്ന് അവകാശപ്പെടുന്ന കുതിരപ്പന്തി, ഗുരുമന്ദിരം, ബീച്ച്, സിവില്‍ സ്റ്റേഷന്, തുമ്പോളി തുടങ്ങിയ വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് പാര്‍ട്ടി നേതൃത്വത്തിന് കനത്ത തിരിച്ചടിയായിരുന്നു.
ജി. സുധാകരന്റെ ഏകാധിപത്യ നടപടികളാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന് കാരണമെന്ന് കീഴ്ഘടകങ്ങള്‍ ആരോപിച്ചു തുടങ്ങിയിരിക്കെയാണ് പ്രാദേശിക തലത്തില്‍ സിപിഎം നേതാവിനെ ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: