പുറക്കാട്: നെല്ലെടുക്കാനാളില്ല, കര്‍ഷകര്‍ കൃഷിഭവനു മുന്നില്‍ കഞ്ഞിവച്ചു പ്രതിഷേധിച്ചു. പുറക്കാട് പഞ്ചായത്തിലെ ഗ്രേഡിങ് ബ്ലോക്ക്, കന്നിട്ടവടക്ക് എന്നീ പാടശേഖരങ്ങളിലെ കര്‍ഷകരാണ് ഇന്നലെ രാവിലെ 10മണിയോടെ പുറക്കാട് കൃഷിഭവനു മുന്നില്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചത്.
കൊയ്ത്തുപൂര്ത്തിയായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊയ്തെടുത്ത നെല്ല് പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. നൂറോളം ലോഡ് നെല്ലാണ് ഇത്തരത്തില്‍ പാടശേഖരങ്ങളില്‍ കെട്ടിക്കിടന്ന് നശിക്കുന്നത്. മില്ലുടമകള്‍ പാടശേഖരത്ത് എത്തി നെല്ലിന്റെ സാമ്പിള്‍ കൊണ്ടുപോയെങ്കിലും ഇതുവരെ നെല്ലെടുത്തിട്ടില്ല.
15കിലോവരെ കിഴിവാണ് മില്ലുടമകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ഷകര്‍ക്ക് ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടും സിവില്‍ സപ്ലൈ അധികൃതര്‍ ഇതുവരെ പാടശേഖരങ്ങില്‍ എത്തിയിട്ടില്ല. സമീപ പ്രദേശങ്ങളില്‍ എട്ടു കിലോ കിഴിവില്‍ നെല്ലെടുപ്പ് ആരംഭിച്ചിട്ട് ഏതാനും ലോഡ് നെല്ല് എടുത്തതിനുശേഷം ഇത് 15 കിലോയായി മില്ലുടമകള്‍ ഉയര്‍ത്തി.
കര്‍ഷകര്‍ ഇത് സമ്മതിക്കാതെ വന്നതോടെ മില്ലുടമകള്‍ സംഭരണത്തില്‍ നിന്നും പിന്മാറി. ഇതോടെ മറ്റ് പാടശേഖരങ്ങളിലും ടണ്‍കണക്കിന് നെല്ല് കെട്ടിക്കിടക്കുകയാണ്. തുടര്‍ന്ന് പലതവണ സിവില്‍ സപ്ലൈസ് അധികൃതരുടമായി ബന്ധപ്പെട്ടിട്ടും യാതൊരു നടപടിയുമായില്ല.
ഇതേത്തുടര്‍ന്നാണ് കര്‍ഷകര്‍ കൃഷിഭവന് ഓഫീസിനു മുന്നില്‍ അടുപ്പുകൂട്ടി കഞ്ഞിവച്ച് പ്രതിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: