കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നേരിട്ടിറങ്ങി പ്രചാരണത്തിനും ഭവനസന്ദര്‍ശനത്തിനും നേതൃത്വം നല്‍കിയിട്ടും ബിജെപിയുടെ മുന്നേറ്റം തടയാനായില്ല. പുതുപ്പള്ളി പഞ്ചായത്തിലെ നിരവധി കുടുംബയോഗങ്ങളിലും ബിജെപി ജയസാധ്യതയുള്ള വാര്‍ഡുകളിലും ഭവന സന്ദര്‍ശനത്തിനും ഉമ്മന്‍ചാണ്ടി സമയം കണ്ടെത്തിയിരുന്നു. കുടുംബയോഗത്തിലും ഭവനസന്ദര്‍ശനത്തിലും മുഖ്യമന്ത്രിയുടെ ലക്ഷ്യം പഞ്ചായത്തില്‍ ബിജെപിയുടെ പ്രതിനിധി ഉണ്ടാകരുതെന്നതായിരുന്നു.
മുഖ്യമന്ത്രി കിണഞ്ഞ് പരിശ്രമിച്ചിട്ടും പുതുപ്പള്ളി പഞ്ചായത്തിലെ 13,14 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത് യഥാക്രമം 1,5 വോട്ടുകള്‍ക്കാണ്. മുഖ്യമന്ത്രിയെകൂടാതെ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി.ജോസഫ് തുടങ്ങിയവരുടെ തട്ടകമായ ജില്ലയില്‍ വോട്ടിംഗ് നിലവാരത്തിലും പഞ്ചായത്ത് മെമ്പര്‍മാരുടെ എണ്ണത്തിലും ബിജെപി വന്‍ കുതിപ്പാണ് നടത്തിയത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ബിജെപിക്ക് ലഭിച്ചത് 87000 വോട്ടുകളാണ്. എന്നാല്‍ ഇക്കുറി ജില്ലാ പഞ്ചായത്തിലെ 22 ഡിവിഷനിലായി ബിജെപിക്ക് നേടാനായത് 151222 വോട്ടുകളാണ്. ഇതിന്റെ കൂടെ ആറ് മുനിസിപ്പാലിറ്റികളില്‍ ലഭിച്ച വോട്ടുകള്‍കൂടി കൂട്ടിയാല്‍ വോട്ടുകളുടെ എണ്ണം 197000 ആകും.
ജില്ലയില്‍ ഇടതുമുന്നണിയും നില മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ജില്ലാ പഞ്ചായത്തില്‍ 4 പ്രതിനിധികളാണ് എല്‍ഡിഎഫിന് ഉണ്ടായിരുന്നതെങ്കില്‍ ഇക്കുറി അത് 8 ആയി ഉയര്‍ത്താന്‍ അവര്‍ക്കായിട്ടുണ്ട്. വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ ഡിവിഷനിലും ഇടതുമുന്നണിയാണ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: