കിടങ്ങൂര്‍: കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപി തിളക്കമാര്‍ന്ന വിജയം നേടി. 2005ല്‍ മൂന്നു സീറ്റുണ്ടായിരുന്ന ബിജെപിക്ക് 2010ല്‍ ഒരു സീറ്റുമാത്രമാണ് ലഭിച്ചത്. ഇത്തവണ ബിജെപി പഞ്ചായത്തില്‍ മൂന്നു സീറ്റുകള്‍ പിടിച്ചെടുത്തു. കുമ്മണ്ണൂര്‍, ഉത്തമേശ്വരം, അമ്പലം വാര്‍ഡ് എന്നിവിടങ്ങളിലാണ് ബിജെപി വിജയിച്ചത്.
കൂടാതെ ചെമ്പിളാവ്, കിടങ്ങൂര്‍ സൗത്ത്, കട്ടച്ചിറ, ശിവക്കുളങ്ങര വാര്‍ഡുകളില്‍ ബിജെപിക്ക് രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞു. നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ചെമ്പിളാവില്‍ ബിജെപി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ചെമ്പിളാവില്‍ ബിജെപി സ്ഥാനാര്‍ത്ഥി അനീഷ് വണ്ടാനത്ത് 297 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ്. ജയന് 303 വോട്ടുകള്‍ നേടി വിജയിച്ചു. ആറുവോട്ടുകളുടെ വ്യത്യാസമാണ് ഇവിടെയുണ്ടായത്. ചെമ്പിളാവ് വാര്‍ഡിന്റെ ആദ്യ പകുതി ഫലം പുറത്തുവന്നപ്പോള്‍ അനീഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എങ്കിലും രണ്ടാമത് പകുതികൂടി പുറത്തുവന്നപ്പോള്‍ വീണ്ടും രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു. കിടങ്ങൂര്‍ സൗത്ത് വാര്‍ഡില്‍ പതിനേഴുവോട്ടുകളുടെ വ്യത്യാസത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായ പുഷ്കല വേലായുധന് 323 വോട്ടുകള്‍ നേടാനായി. കട്ടച്ചിറ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബിജു കാരുവള്ളി 224 വോട്ടുകള്‍ നേടിയപ്പോള്‍ 68 വോട്ടുകളുടെ വ്യത്യാസത്തിലാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥി മണി വിജയിച്ചത്. ശിവക്കുളങ്ങര വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയേക്കാള്‍ 55 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി ഗീത ഹരിദാസ് രണ്ടാംസ്ഥാനത്തേക്ക് പിന്തളളപ്പെട്ടത്. ഗീത ഹരിദാസ് 276 വോട്ടുകള്‍ നേടി.
കിടങ്ങൂര്ക്ഷേത്രം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. നീലകണ്ഠന് നമ്പൂതിരി (അപ്പുമാഷ്) 359 വോട്ടുകള്‍ നേടി വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജന് മേക്കാട്ടിനേക്കാല് 151 വോട്ടുകള്‍ നേടിയാണ് നീലകണ്ഠന് നമ്പൂതിരി വിജയിച്ചത്. ഉത്തമേശ്വരം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശാന്തി ഗോപാലകൃഷ്ണന് 554 വോട്ടുകള്‍ കരസ്ഥമാക്കി. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുജാത ശശിധരനെ 240 വോട്ടുകള്‍ക്കു പിന്തള്ളിയാണ് ശാന്തി ഗോപാലകൃഷ്ണന് വിജയം കൈവരിച്ചത്. മാത്രമല്ല, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കരസ്ഥമാക്കിയ സ്ഥാനാര്‍ത്ഥികളില്‍ മൂന്നാംസ്ഥാനത്താണ് ശാന്തി ഗോപാലകൃഷ്ണന്. ലിസി എബ്രഹാം 685, അഖില്‍ കെ. രാധാകൃഷ്ണന് 559 എന്നിവരാണ് മറ്റുള്ളവര്‍.
കുമ്മണ്ണൂര്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബിന്ദു രമേഷ് 387 വോട്ടുകള്‍ നേടി. തൊട്ടടുത്ത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയേക്കാള്‍ 59 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിന്ദു രമേഷ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: