09ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം ജനവിധിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെവ്വേറേ മത്സരിച്ച കക്ഷികള്‍ ഒന്നിച്ചത്, ലോക്സഭയിലേക്കുള്ള ജനവിധിയും നിയമസഭാ ജനവിധിയും വ്യത്യസ്ത മാനദണ്ഡങ്ങളിലായത്, തെരഞ്ഞെടുപ്പു വിഷയങ്ങള്‍ മാറിയത് തുടങ്ങി ഒട്ടേറെ ഘടകങ്ങളുണ്ട് ഈ തെരഞ്ഞെടുപ്പു ഫലം ലോക്സഭാ തെരഞ്ഞെടുപ്പിന്റേതില്നിന്ന് ഏറെ വ്യത്യസ്തമാകാന്‍. അതെല്ലാം പരിഗണിക്കുമ്പോള്‍ പുതിയ ചില രാഷ്ട്രീയ ഗതിയും ദിശയും രൂപപ്പെടുന്നുമുണ്ട്.
നരേന്ദ്ര മോദി തരംഗം അവസാനിച്ചു, അമിത് ഷാ തന്ത്രം പരാജയപ്പെട്ടു, തുടങ്ങിയ വിശകലനങ്ങള്‍ക്ക് ആ വാദക്കാരുടെ പക്ഷത്ത് ന്യായീകരണങ്ങളുണ്ടാകാം. പക്ഷേ, അത് തോറ്റവരുടെ പരാജയ കാരണം വിലയിരുത്തുമ്പോഴാണ്. എന്നാല്‍, എന്തുകൊണ്ട് മൂന്നാമതും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുന്നുവെന്നു വിലയിരുത്തുമ്പോള്‍ വിശകലനം വേറേ വഴിയിലാകുന്നു.
ബീഹാറില്‍ വിഘടിച്ചു നിന്ന കക്ഷികള്‍ ഒന്നിച്ചു നിന്നുവെന്നതാണ് മുഖ്യം; കോണ്‍ഗ്രസ്, ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി, നിതീഷിന്റെ ജെഡിയു എന്നിവയുടെ ഒന്നിയ്ക്കല്‍. 43. 13 ശതമാനം വോട്ടാണ് ഈ കക്ഷികള്‍ ഒന്നിച്ചാല്‍ കിട്ടേണ്ടത്, 2014 ലെ ലോക്സഭാ വോട്ടുകണക്കു പ്രകാരം. അതില്‍നിന്ന് ജിതന്‍ മാഞ്ചി ജെഡിയുവില്‍നിന്ന് വിട്ടു പോയതു കണക്കിലെടുത്താല്‍ നിതീഷ് കുമാര്‍ വിലയിരുത്തിയതനുസരിച്ചാണെങ്കില് മൂന്നു ശതമാനം കുറയും-40 ശതതമാനമാകും. ബിജെപിയും ജിതന്‍ മാഞ്ചിയും രാം വിലാസ് പാസ്വാന്റെ എല്‍ജെപിയും ചേര്‍ന്നാല്‍ എന്‍ഡിഎയ്ക്ക് 38 ശതമാനം വോട്ടും. ഇപ്പോള്‍, 205-ലെ തെരഞ്ഞെടുപ്പു ഫലം വിലയിരുത്തുമ്പോള്‍ വോട്ടിന്റെ കാര്യത്തില്‍ എന്‍ഡിഎയും മഹാസഖ്യവും തമ്മില്‍ സംഭവിച്ചത് ഈ രണ്ടു ശതമാനത്തിന്റെ വ്യത്യാസം മാത്രമാണ്. അതായത്, ബിജെപിയ്ക്കെതിരേ മറ്റു പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ അത് പാര്‍ട്ടിക്ക് കനത്ത വെല്ലുവിളിതന്നെയാണ് എന്നത് സത്യം.
പക്ഷേ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ വിഘടിതനിലയും ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെതിരേയുള്ള വികാരവും അഴിമതിക്കെതിരേയുള്ള വിരോധവും പുതിയ നേതൃത്വത്തോടുള്ള പ്രിയവും വിഷയങ്ങളായിരുന്നു. അത് മോദി തരംഗമായും ലാലു വിരോധമായും കോണ്‍ഗ്രസ് വെറുപ്പായും ഒന്നിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക്, എന്‍ഡിഎയ്ക്ക് മികച്ചൊരു പ്രചാരണ സംവിധാനവും അതിനൊരു ആസൂത്രകനും ഉണ്ടായിരുന്നു, പ്രശാന്ത് കിഷോര്‍.
പ്രശാന്ത് പലകാരണങ്ങളാല്‍ ഈ തെരഞ്ഞെടുപ്പില്‍ നിതീഷ് പക്ഷത്തായിരുന്നു. മാധ്യമങ്ങളെ കൈകാര്യം ചെയ്യാന്‍ മിടുക്കു കാണിച്ച് മോദിയുടെയും പ്രശംസ നേടിയ കിഷോര്‍ നിതീഷിന്റെ പക്ഷത്തായത് ചെറിയ നഷ്ടമല്ല എന്‍ഡിഎയ്ക്ക് ഉണ്ടാക്കിയത്.
കിഷോറിന്റെ മേല്‍നോട്ടത്തില്‍, ഈ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിലെ ഒരുകക്ഷി മാധ്യമങ്ങളില്‍ ഒരു വിഭാഗമായിരുന്നുവെന്ന് വ്യക്തം. മാധ്യമങ്ങളിലൂടെ വിവിധവിഷയങ്ങളില്‍ ബിജെപി-മോദി വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നതില്‍ മഹാസഖ്യം വിജയിച്ചു. സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ നയം മാറ്റാന്‍ പോകുന്നു, മാംസക്ഷണം നിരോധിക്കാന്‍ പോകുന്നു തുടങ്ങിയ ഇല്ലാവാര്‍ത്തകള്‍ ചമച്ച് പ്രചരിപ്പിക്കാനും ജനങ്ങള്‍ക്കിടയില്‍ ആശങ്കകളും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കാന്‍ കഴിഞ്ഞു. ബീഹാറില്‍ ഏറ്റവും കൂടുതല്‍ പ്രചാരണ പരിപാടികള്‍ നടത്തിയ ദേശീയ നേതാവായ അമിത് ഷായുടെ പ്രസ്താവനകള്‍ വളച്ചൊടിച്ച് എതിരായി പ്രചാരിപ്പിക്കാനും അവര്‍ക്കായി. എന്ഡിഎയഎക്ക് ഈ പ്രചാരണത്തെ ഒരു പരിധിവരെയേ തടയാനായുള്ളുവെന്നത് വാസ്തവമാണ്.
പാര്‍ട്ടിക്ക് സംസ്ഥാനത്ത് നേതാക്കളുടെ ബാഹുല്യം ഉണ്ടായിരുന്നെങ്കിലും ഒരു നേതാവിനെ സംസ്ഥാനത്ത് ഉയര്‍ത്തിക്കാട്ടാനായില്ല. പാര്‍ട്ടിയുടെ സംസ്ഥാന നേതാവിന് എതിരാളികളായ നേതാക്കള്‍ക്കൊപ്പം പ്രശസ്തിയും ഇല്ലാതായി. ദല്‍ഹി തെരഞ്ഞെടുപ്പിലെ അതേ സ്ഥിതി ബീഹാറിലുമുണ്ടായെന്നു ചുരുക്കം.
എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ തോല്‍പ്പിക്കുകയെന്ന പൊതു അജണ്ട ഉണ്ടായപ്പോള്‍ സംഭവിച്ച അപകടങ്ങള്‍ ഏറെയുണ്ട്. അഴിമതിയുടെ ദുര്ഭൂതമായി മാറിയ ലാലു പ്രസാദ് യാദവിനെ നീതി ന്യായ സംവിധാനങ്ങള്‍ ചേര്‍ന്ന് കുടത്തിലടച്ചൊതുക്കിയിരുന്നു. ഭാരതത്തില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ നിന്നു വിലക്കപ്പെട്ട ആദ്യ നേതാവാണ് ലാലു. പക്ഷേ, ആ കുടത്തില്‍നിന്ന് ലാലുവിനെ തുറന്നു വിട്ടതുവഴി കോണ്‍ഗ്രസും മറ്റു ചെറുകക്ഷികളും മാധ്യമങ്ങളും ചേര്‍ന്ന് അഴിമതിമുക്ത ഭാരതതെന്ന വമ്പിച്ച ലക്ഷ്യമാണ് അട്ടിമറിച്ചിരിക്കുന്നത്. ലാലു മുഖ്യമന്ത്രിയാകില്ല. ഭാര്യ റാബ്റിയോ ഒമ്പതു മക്കളില്‍ ആരെങ്കിലുമോ ഉപമുഖ്യമന്ത്രിയാകാതിരിക്കുമോ എന്നുറപ്പിക്കാനാവില്ല. വികസനത്തിനു വേണ്ടി മുദ്രാവാക്യം മുഴങ്ങിയ ബീഹാറില്‍ അഴിമതി അടക്കിവാഴില്ലെന്നു പറയാനാവില്ല. കാരണം ലാലുവിന്റെ പിന്‍സീറ്റ് ഡ്രൈവിങ് ആയിരിക്കും ബീഹാറില്‍ എന്നകാര്യത്തില്‍ സംശയിക്കേണ്ടതില്ല.
ലാലു-നിതീഷ് സൗഹാര്‍ദ്ദം എത്രകാലം എന്നതൊന്നുമല്ല, നിതീഷ് കുമാര്‍ ദേശീയതലത്തില്‍ വളര്‍ന്ന് നരേന്ദ്ര മോദിക്കു ബദലാകുമോ എന്നാണിപ്പോള്‍ ചര്‍ച്ച. വി.പി. സിങ്ങിനെ പോലെ ദേശീയ നേതാവാകുമെന്നാണ് ഇടതുപക്ഷ നേതാക്കളുടെ വിലയിരുത്തല്‍. അവര്‍ ബീഹാറിലെ സംഭവഗതികളില്‍ ഒരു പങ്കുമില്ലാത്തവരാണെന്നത് വേറേ കാര്യം. ആ വാദത്തിന് മറുപടിയും മാധ്യമങ്ങളില്‍ വന്നുകഴിഞ്ഞു, നിതീഷ് വി.പി. സിങ് ആകാന്‍ മോദി രാഹുല്‍ ഗാന്ധിയല്ല എന്ന്.
എന്തായാലും കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും ബീഹാര്‍ തെരഞ്ഞെടുപ്പു ഫലം ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ പുതിയ ചില ഗതിഭേദങ്ങള്‍ക്ക് വഴി തുറക്കുന്നതാണ്.
പഞ്ചാബ്, ആസാം, കേരളം, യുപി തുടങ്ങി ആറു മാസക്കാലത്തിനിടെ, വരുന്ന മൂന്നര വര്‍ഷത്തിനിടെ തെരഞ്ഞെടുപ്പുകള്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കും. അതിനു മുമ്പ് പാര്‍ലമെന്റ് സമ്മേളനം വരികയാണ്, പ്രതിപക്ഷം കൂടുതല്‍ കരുത്തരാകും. കൂടുതല്‍ കൂടുതല്‍ സഹിഷ്ണുതാ നയങ്ങള്‍ കൈക്കൊള്ളാന്‍ ഭരണകക്ഷി നിര്‍ബന്ധിതമാകുകയാണ്. പക്ഷേ, ബീഹാറിലെ ഭൂരിപക്ഷത്തിന്റെ ജനവിധി സ്വീകാര്യവും ഭാരതത്തിലെ ജനവിധിയിലെ ഭൂരിപക്ഷം അസ്വീകാര്യവുമാകുന്ന ഇരട്ടയുക്തിയില് കാര്യങ്ങള്‍ എങ്ങനെ സുഗമമാകുമെന്നാണ് കരുതാനും കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: