ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 20 ഗ്രാമപഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലും ആരു ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും. മാവേലിക്കര, കായംകുളം, ചെങ്ങന്നൂര്‍ നഗരസഭകളിലാണ് ബിജെപി നിര്‍ണ്ണായകം. മാവേലിക്കരയില്‍ യുഡിഎഫിനെ പിന്തള്ളി ബിജെപി രണ്ടാംസ്ഥാനം നേടി. ഇവിടെ 28 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ് 12, ബിജെപി മുന്നണി ഒന്‍പത്, യുഡിഎഫ് ആറ്, സ്വതന്ത്രന് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
കഴിഞ്ഞ കൗണ്‍സിലിന്റെ തുടക്കത്തില്‍ യുഡിഎഫ് ഭരിച്ച നഗരസഭ ഒരുവര്‍ഷം മുമ്പ് അട്ടിമറിയിലൂടെ എല്‍ഡിഎഫ് കരസ്ഥമാക്കുകയായിരുന്നു. ഭരിക്കാന്‍ ആവശ്യമായ 15അംഗസംഖ്യ ഇത്തവണ ആര്‍ക്കും നേടാന്‍ കഴിഞ്ഞില്ല. ബിജെപിയുടെ നിലപാടായിരിക്കും ഇവിടെ നിര്‍ണായകമാകുന്നത്. ചെങ്ങന്നൂര്‍ നഗരസഭയിലും ഭരണം ബിജെപിയാണ് നിശ്ചയിക്കുക. ആകെ 27 അംഗ കൗണ്‍സിലില്‍ യുഡിഎഫ് 12, എല്‍ഡിഎഫ് എട്ട്, ബിജെപി മുന്നണി ആറ്, സ്വതന്ത്രന് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. നേരത്തെ യുഡിഎഫ് ആണ് ഇവിടെ ഭരണം നടത്തിയിരുന്നത്. യുഡിഎഫിന് ഭരണം തിരിച്ചുപിടിക്കണമെങ്കില്‍ ബിജെപിയുടെ സഹായം കൂടാതെ കഴിയില്ല.
കായംകുളം നഗരസഭയുടെയും അവസ്ഥ ഇതുതന്നെയാണ്. 44 അംഗകൗണ്‍സിലില്‍ എല്‍ഡിഎഫ് 18, ബിജെപി ഏഴ്, യുഡിഎഫ് 16, സ്വതന്ത്രര്‍ മൂന്ന് എന്നതാണ് കക്ഷിനില. ഭൂരിപക്ഷം ലഭിക്കാന്‍ 23 കൗണ്‍സിലര്‍മാര്‍ വേണം. ഇരുമുന്നണികള്‍ക്കും ഭരണം പിടിക്കണമെങ്കില്‍ ബിജെപിയുടെ സഹായം വേണ്ടിവരും.
തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ബിജെപി താമരക്കുളത്ത് പ്രതിപക്ഷനേതൃസ്ഥാനവും കരസ്ഥമാക്കി. ഇവിടെ യുഡിഎഫിന് ഒരു മെമ്പര്പോലുമില്ല. ബിജെപിക്ക് ഇവിടെ അഞ്ച് അംഗങ്ങളാണള്ളത്.തലവടി ഗ്രാമപഞ്ചായത്ത്, വെളിയനാട്, തകഴി, പുളിങ്കുന്ന്, കോടംതുരുത്ത്, പുലിയൂര്, വെണ്മണി, മാന്നാര്‍, ചെന്നിത്തല, പുറക്കാട്, കുത്തിയതോട്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, തൈക്കാട്ടുശ്ശേരി, ദേവികുളങ്ങര, കൃഷ്ണപുരം, ചേന്നംപള്ളിപ്പുറം, വയലാര്‍, മാരാരിക്കുളം വടക്ക് എന്നീ ഗ്രാമപഞ്ചായത്തുകളിലും ഇരുമുന്നണികള്‍ക്കും ഭരണിലേറണമെങ്കില് ബിജെപി സഹായം കൂടിയേ കഴിയൂ. അല്ലാത്തപക്ഷം തെരഞ്ഞെടുപ്പിനു മുമ്പു നടത്തിയ അവിശുദ്ധ സഖ്യം ഇനി പരസ്യമായി തുടരേണ്ടിവരും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭരണം പിടിക്കാന്‍ ഇടതു വലതു മുന്നണികളിലെ ചെറുകക്ഷികള്‍ക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ നല്കി ഇരുമുന്നണികളും ജനവഞ്ചന നടത്തി ഒരുമിച്ചു ഭരിക്കാനാണ് സാദ്ധ്യത. ബിജെപി പിന്തുണച്ചാല്‍ രാജിവയ്ക്കുമെന്നാണ് ഇരുമുന്നണികളും ഔദ്യോഗികമായി നേരത്തെതന്നെ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ചെറുകക്ഷികളെ മുന്‍നിര്‍ത്തിയുള്ള ഒത്തുകളി ഭരണമായിരിക്കും നടക്കുക. ജില്ലയില്‍ ആദ്യമായാണ് ബിജെപി ഇത്രയും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നിര്‍ണായകമായി മാറുന്നത്. ബിജെപി വന്‍ മുന്നേറ്റം നടത്തിയ തദ്ദേശ സ്ഥാപനങ്ങളിലെല്ലാം തന്നെ തൂക്കുസഭയാണ് നിലവില്‍ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: