പാനൂര്‍: കൂത്തുപറമ്പ്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം എ.അശോകന്. സിപിഎമ്മില്‍ ഭിന്നത. കൂത്തുപറമ്പ് ബ്ലോക്കിലെ പ്രസിഡണ്ട് സ്ഥാനത്തെച്ചൊല്ലി സിപിഎം പാനൂര്‍,കൂത്തുപറമ്പ് ഏരിയാകമ്മറ്റികള്‍ തമ്മിലാണ് ‘ഭിന്നത ഉടലെടുത്തത്. മുന്‍ ധാരണപ്രകാരം ബിജെപിയില്‍ നിന്നും സിപിഎമ്മിലെത്തിയ എ.അശോകന് പ്രസിഡണ്ട് സ്ഥാനം നല്‍കണമായിരുന്നു. ഒകെ.വാസു പി.ജയരാജനുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് എ.അശോകനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇത് നേതൃത്വം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാനൂര്‍ ഏരിയാകമ്മറ്റിയംംഗവും മുതിര്‍ന്ന നേതാവുമായ എവി.ബാലനെ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. സീനിയര്‍ നേതാവിനെ പരിഗണിക്കാതെ പുതുതായി പാര്‍ട്ടിയില്‍ വന്നവര്‍ക്ക് സ്ഥാനം നല്‍കുന്നത് അനൗചിത്യമാണെന്ന് ഒരുവിഭാഗം വാദിക്കുന്നു. 2005 ല്‍ ബ്ലോക്ക് അംഗമായിരുന്ന എ.വി.ബാലനെ തഴഞ്ഞ് കെ.ഇ.കുഞ്ഞബ്ദുളളയ്ക്ക് പ്രസിഡണ്ട് സ്ഥാനം നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു. സമാനരീതിയില്‍ ഇത്തവണയും എവി.ബാലനെ തഴയാനാണ് തീരുമാനമെന്നാണ് സൂചന. ഇത് പ്രതിഷേധത്തിന് കാരണമാകുമെന്ന് വന്നതോടെ ഒകെ.വാസുവിനെ കണ്ട് പി.ജയരാജനും പി.ഹരീന്ദ്രനും ചര്‍ച്ച നടത്തിയിരിക്കുകയാണ്. എന്നാല്‍ മുന്‍ ധാരണ പ്രകാരം അശോകന് പ്രസിഡണ്ട ്സ്ഥാനം നല്കണമെന്നതില് വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഒകെ.വാസു അറിയിച്ചതോടെ പ്രശ്നം സങ്കീര്‍ണമായി. എ.അശോകന് പാര്‍ട്ടിക്ക് വിധേയനാകാമെന്ന് പറഞ്ഞെങ്കിലും ഒകെവാസു ഒകെ പറഞ്ഞിട്ടില്ല. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നല്‍കാത്തതിനെ തുടര്‍ന്നാണ് ഒ.കെ.വാസു മത്സരത്തില്‍ നിന്നും മാറിനിന്നത്. അതുപ്രകാരമാണ് അശോകന് മാങ്ങാട്ടിടം ബ്ലോക്ക് ഡിവിഷനില്‍ നിന്നും മത്സരിക്കുന്നതും പ്രസിഡണ്ട് സ്ഥാനവാഗ്ദാനം നല്‍കുന്നതും. പാര്‍ട്ടിക്കുവേണ്ടി പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്ന സീനിയര്‍ നേതാവിനെ തഴഞ്ഞാല്‍ പാനൂര്‍ ഏരിയാകമ്മറ്റിയില്‍ പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പ് ഏരിയാസെക്രട്ടറി കെകെ.പവിത്രന് പി.ജയരാജനെ അറിയിച്ചിട്ടുമുണ്ട്. കൊളവല്ലൂര്‍ ഡിവിഷനില്‍ നിന്നാണ് എവി.ബാലന് ജയിച്ചത്. 13 ഡിവിഷനുകളില്‍ ഒമ്പതിടത്ത് എല്‍ഡിഎഫും നാലിടത്ത് യുഡിഎഫുമാണ് വിജയിച്ചത്. മൃഗീയ ഭൂരിപക്ഷത്തില്‍ ബ്ലോക്ക് പഞ്ചായത്തിലെത്തിയെങ്കിലും പ്രസിഡണ്ട് സ്ഥാന തര്‍ക്കം സിപിഎമ്മില്‍ മൂര്‍ച്ഛിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: