കണ്ണൂര്‍: മാര്‍ച്ച് ആദ്യവാരത്തോടെ ജില്ലയിലെ 2810 സര്‍ക്കാര്‍ ഓഫീസുകള്‍ വികലാംഗ സൗഹൃദമാകുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു. ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് കേരളത്തെ ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദ സംസ്ഥാനമാക്കാന്‍ ആഗ്രഹിക്കുന്നതായും മന്ത്രി പറഞ്ഞു. ജില്ലയെ വികലാംഗ സൗഹൃദജില്ലയായി മാറ്റുന്നതിന്റെ ഭാഗമായി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കലക്ടറേറ്റ് പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ത്തന്നെ മാതൃകാ ജില്ലയായി കണ്ണൂര്‍ മാറുകയാണ്. ഭിന്നശേഷി സെന്‍സസില്‍ ജില്ലയില്‍ 57000 പേര് ഉള്‍പ്പെടുന്നുണ്ട്. 22 വ്യത്യസ്ത വൈകല്യങ്ങളെ വേര്‍തിരിച്ച് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് തയ്യാറാവുന്നു. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ വികലാംഗ സൗഹൃദമാകണമെന്ന് കെട്ടിട നിയമത്തില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. വീല്‍ചെയറുകള്‍ പോകാന്‍ പറ്റുന്ന വിധം റോഡ് നിര്‍മ്മാണം മാറണം. പദ്ധതിയുടെ ചുക്കാന്‍ പിടിച്ചതിനും ഹരിത തെരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതിനും ജില്ലാ കലക്ടര്‍ പി.ബാലകിരണിനെ മന്ത്രി അഭിനന്ദിച്ചു. പെന്‍ഷനും മറ്റ് പദ്ധതികള്‍ക്കുമായി കഴിഞ്ഞ വര്‍ഷം 5000 കോടി രൂപ ചെലവഴിച്ച് സാമൂഹ്യനീതി വകുപ്പ് ഒന്നാം സ്ഥാനത്തെത്തിയതായും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. സബ്ബ് കലക്ടര്‍ നവജ്യോത് ഖോസ, എഡിഎം ഒ.മുഹമ്മദ് അസ്ലം, അസി.കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, എല്‍എസ്ജിഡി എക്സി.എഞ്ചിനീയര്‍ കെ.സജീവന്, ഡിഎംഒ ഡോ.പി.കെ.ബേബി, ഡിഡിഇ വസന്തന്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്.നാരായണന് നമ്പൂതിരി, ഡിഎഎഫ് പ്രസിഡണ്ട് ഒ.വിജയന്, കേരള ഫെഡറേഷന് ഓഫ് ബ്ലൈന്‍ഡ്സ് പ്രതിനിധി ടി.എന്‍.മുരളീധരന്, എം.രാഘവന് തുടങ്ങിയവര്‍ സംസാരിച്ചു. പിഡബ്ല്യുഡി ബില്‍ഡിംഗ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.എസ്.സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് കെ.രാജീവന് നന്ദിയും പറഞ്ഞു.
ജില്ലയിലെ വിവിധ ഓഫീസുകളില്‍ ഭിന്നശേഷിയുള്ള ആളുകള്‍ക്ക് ബുദ്ധമുട്ടില്ലാത്തവിധം എത്തിച്ചേര്‍ന്ന് അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് സഹായകരമായ അന്തരീക്ഷം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് 18.50കോടിരൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരമായത്. ജില്ലയിലെ 2810 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇതിന്റെ പ്രയോജനം ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട 10 ജില്ലാതല സ്ഥാപനങ്ങളില്‍ ലിഫ്റ്റ്, പ്രത്യേക ടോയ്ലറ്റ് സൗകര്യം, കലക്ടറേറ്റില്‍ വിശ്രമമുറി ഉള്‍പ്പെടെ പദ്ധതിയിലുണ്ട്. പൊതുമരാമത്ത് കെട്ടിട വിഭാഗം, എല്‍എസ്ജിഡി എഞ്ചിനീയറിംഗ് വിഭാഗം, ജില്ലാ നിര്‍മ്മിതികേന്ദ്രം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: