ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ ഹാട്രിക് വിജയം കൊയ്യാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമം ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. ഉറപ്പായിരുന്ന വിജയം തട്ടിത്തെറിപ്പിച്ചത് ചില പാര്‍ട്ടി നേതാക്കളുടെ ഇടപെടലാണെന്ന് സിപിഎമ്മില്‍ അഭിപ്രായം ശക്തമായി.
തീരപ്രദേശങ്ങളിലും സിപിഎമ്മിന്റെ ചില ഉറച്ച കോട്ടകളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതിന്റെ പാപഭാരം ഐസക് പക്ഷക്കാരായ ചില നേതാക്കളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമം തുടങ്ങിയത്. കുതിരപ്പന്തി, ഗുരുമന്ദിരം, ബീച്ച്, വാടയ്ക്കല്‍, റെയില്‍വേ സ്റ്റേഷന് തുടങ്ങി സിപിഎമ്മിന്റെ ഉറച്ച ശക്തികേന്ദ്രങ്ങളിലും മറ്റു ചില തീരദേശ വാര്‍ഡുകളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത് ചില നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ആലപ്പുഴയിലെ സിപിഎമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ചെയര്മാന് മോഹികളായ ചില പ്രമുഖ നേതാക്കളെ വെട്ടനിരത്തിയാണ് ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ ഡി. ലക്ഷ്മണനെ ചെയര്മാന് സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചത്. ഐസക് പക്ഷക്കാരെ തഴഞ്ഞ് സുധാകര പക്ഷക്കാരും വിഎസ് വിഭാഗക്കാരുമായി നേതാക്കള്‍ക്ക് സീറ്റു നിര്‍ണയത്തില്‍ പ്രാതിനിധ്യം നല്കിയതും വിവാദമായിരുന്നു. മുപ്പതോളം സീറ്റുകള്‍ പിടിച്ച് ഭരണം ഉറപ്പാക്കിയിടത്താണ് 19 സീറ്റുകള്‍ മാത്രം ലഭിച്ച് ഇടതുപക്ഷം ഏറെ പിന്നില്‍ പോയത്.
വരുംദിവസങ്ങളില്‍ സിപിഎമ്മിലെയും ഡിവൈഎഫ്ഐയിലെയും ചില നേതാക്കള്‍ക്കെതിരെ ഇതിന്റെ പേരില്‍ നടപടിയുണ്ടാകാനുള്ള സാദ്ധ്യത ഏറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: