കോവളം: വെങ്ങാനൂരില്‍ താമര വിരിഞ്ഞു. ഗ്രാമപഞ്ചായത്തില്‍ കാലങ്ങളായി ഒരു സീറ്റില്‍ മാത്രം ഒതുങ്ങിയിരുന്ന ബിജെപിക്ക് ഇത്തവണ പത്തു അംഗങ്ങള്‍. ഭരണം നേടാന്‍ ആകെയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ സഹായം തെടിയെക്കുമെന്നു സൂചനയുണ്ട്. യുഡിഎഫ് ഒരു സീറ്റില്‍ ഒതുങ്ങി. എല്‍ഡിഎഫ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച സ്ഥാനാര്‍ഥി വിജയിച്ചു എന്നത് ശ്രദ്ധേയമായി.
നഗരസഭയുടെ വെങ്ങാനൂര്‍ വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നു പിടിച്ചെടുത്ത് ബിജെപി നഗസരസഭയുടെ വിഴിഞ്ഞം മേഖലയില്‍ സാന്നിധ്യമുറപ്പിച്ചു.
ഇടതു പക്ഷത്തിന്റെ പരമ്പരാഗത വോട്ടു കോട്ടകളായ ഇടുവ, മംഗലത്തുകോണം, കട്ടച്ചല്‍കുഴി, ചാവടിനട, തൊഴിച്ചല്‍, കല്ലുവെട്ടാന്‍കുഴി എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ ഞെട്ടിച്ചുകൊണ്ടാണ് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയം ഉറപ്പിച്ചത്. നഗരസഭയുടെ വെങ്ങാനൂര്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി പി. സന്തോഷ്കുമാര്‍ ത്രികോണ മല്‍സരത്തിലൂടെ വിജയക്കൊടി പാറിച്ചു.
ജില്ലാ പഞ്ചായത്ത് വെങ്ങാനൂര്‍ ഡിവിഷനില്‍ അറുന്നൂറില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ ലതാകുമാരി ജയിച്ചത്. ഗ്രാമപഞ്ചായത്തില്‍ പനങ്ങോട് വാര്‍ഡ് അംഗവും ബിജെപി ദക്ഷിണ മേഖല ഉപാധ്യക്ഷനുമായ വെങ്ങാനൂര്‍ സതീഷ് ആയിരുന്നു പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തേരാളി. ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ മൂന്നു തവണകളിലായി തുടര്‍ച്ചയായി വിജയിച്ച സതീഷ് നാലാം വട്ടം വിജയിക്കുമ്പോള്‍ പാര്‍ട്ടിക്ക് പഞ്ചായത്ത് ഭരണം കൂടി ആദ്യമായി കൈവരുകയാണ്. വനിതാ സംവരണം ആയതിനാല്‍ പ്രസിഡന്റ് പദവി ഉള്‍പ്പടെയുള്ള മറ്റു കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപനം ഉണ്ടാകും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തിനു സ്വതന്ത്രരെ സഹായം തേടിയേക്കും.
വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടര്‍ച്ചയായി അഞ്ചാം വട്ടം വിജയം നേടിയ സ്വതന്ത്ര സ്ഥാനാര്‍ഥി ആര്.എസ്. ശ്രീകുമാറിനിതു സിപിഎമ്മിനോടുള്ള മധുരപ്രതികാരമാണ് ഈ വിജയം. എല്‍ഡിഎഫിനു കഴിഞ്ഞ തവണ ഭരണ ഭൂരിപക്ഷം നല്കിയ ശ്രീകുമാറിനു പക്ഷേ ഇക്കുറി സിപിഎം സീറ്റ് നിക്ഷേധിച്ചു. പകരം സ്വതന്ത്രനായി മല്‍സരിക്കാനിറങ്ങിയ ശ്രീകുമാറിനെതിരെ സിപിഎം സമീപ വാര്‍ഡില്‍ നിന്നു വെള്ളാര്‍ മണികണ്ഠനെ രംഗത്തിറക്കി. ഫലം വന്നപ്പോള്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശ്രീകുമാര്‍ വിജയം വരിച്ചു. നേരത്തെ രണ്ടു തവണ പാര്‍ട്ടി സ്ഥാനാര്‍ഥിയായും രണ്ടു തവണ സ്വതന്ത്രനായുമായിരുന്നു ശ്രീകുമാറിന്റെ വിജയം. ശ്രീകുമാറിന്റെ പിന്തുണയോടെ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപി ഭരണത്തില്‍ എത്തുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: