മാവേലിക്കര: നഗരസഭയില്‍ ഇരുമുന്നണികളെയും ഞെട്ടിച്ച് ബിജെപിയുടെ അട്ടിമറി വിജയം. കേവല ഭൂരിപക്ഷം ആര്‍ക്കും ലഭിച്ചില്ല. 28 സീറ്റില്‍ ഒന്‍പതെണ്ണം വിജയിച്ച് ബിജെപി പ്രതിപക്ഷ കക്ഷിയായി മാറി. 28 സീറ്റില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് ആറ്, സ്വതന്ത്ര ഒന്ന് എന്നതാണ് കക്ഷി നില. കഴിഞ്ഞ തവണ എല്‍ഡിഎഫ് 13, യുഡിഎഫ് 12, ബിജെപി രണ്ട്, സ്വതന്ത്രന് ഒന്ന് എന്നതായിരുന്നു കക്ഷിനില.
ശ്രീരഞ്ജിനിയമ്മ(ഒന്ന്), ജയശ്രീ അജയകുമാര്‍ (രണ്ട്), ജി.ലത (മൂന്ന്), വിജയമ്മ ഉണ്ണികൃഷ്ണന് (20), ഷാജി.എം. പണിക്കര്‍ (22), സുജാതദേവി (23), എസ്. രാജേഷ്(24), രാജേഷ്കുമാര്‍ (26), ഉമയമ്മ വിജയകുമാര്‍ (27) എന്നിവരാണ് വിജയിച്ചത്.
സിറ്റിംഗ് സീറ്റുകളായ 20, 22 ബിജെപി നിലനിര്‍ത്തിയപ്പോള്‍ ഒന്ന്, രണ്ട്, മൂന്ന്, 23, 24, 26 വാര്‍ഡുകള്‍ കോണ്‍ഗ്രസില്‍ നിന്നും 27-ാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നും ബിജെപി പിടിച്ചെടുത്തു. അഞ്ച്, 11 വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. 11ല്‍ ഒരു പോസ്റ്റല്‍ വോട്ടിനാണ് പരാജയപ്പെട്ടത്. നഗരസഭയില്‍ എല്ലാ വാര്‍ഡിലും വോട്ടിംഗ് നിലയില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്.
ബിജെപിയുടെ മുന്നേറ്റം ഇരുമുന്നണികളെയും ഞെട്ടിച്ചിരിക്കുകയാണ്. പരമാവധി മൂന്ന് സീറ്റില്‍ ബിജെപി വിജയിക്കുമെന്നാണ് ഇരുമുന്നണികളും പറഞ്ഞിരുന്നത്. എന്നാല്‍ ഇടതുവലതു മുന്നണികളുടെ കണക്കു കൂട്ടലുകളെ അപ്പാടെ തെറ്റിച്ചാണ് ബിജെപി വന്‍ മുന്നേറ്റം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: