അഹമ്മദാബാദ്: മുസ്ലീം ബഹുഭാര്യാത്വം അവസാനിപ്പിയ്ക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. ബഹുഭാര്യാത്വം പൂര്‍ണമായും ഒഴിവാക്കുന്നതിനായി മുസ്ലീം വ്യക്തിനിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടു.
ഒരു പ്രത്യേക ചരിത്രഘട്ടത്തിലും കാലത്തിലും അനാഥരാക്കപ്പെടുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായി മുന്നോട്ട് വച്ച നിര്‍ദ്ദേശം സമകാലീന സമൂഹത്തില്‍ അപ്രസക്തവും പ്രാകൃതവുമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ക്രൂരവും സ്ത്രീവിരുദ്ധവുമാണ് ഇത്തരം രീതികളെന്ന് കോടതി നിരീക്ഷിച്ചു. ദ്വിഭാര്യാത്വം സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കവേ ജസ്റ്റിസ് ജെ.ബി.പാര്ദിവാലയാണ് അഭിപ്രായപ്രകടനം നടത്തിയത്. പൊതു സിവില്‍ കോഡ് നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മുസ്ലീം വ്യക്തിനിയമപ്രകാരം ഒന്നില്‍ കൂടുതല്‍ വിവാഹം കഴിയ്ക്കുന്നവരെ നിയമപരമായി ശിക്ഷിയ്ക്കാനാവില്ല. അതേ സമയം ബഹുഭാര്യാത്വം ഭരണഘടനാവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കും ലൈംഗിക താല്പര്യങ്ങള്ക്കും വേണ്ടി മാത്രം ഒന്നില്‍ കൂടുതല്‍ വിവാഹം കഴിയ്ക്കുന്നത് ഖുറാന് വിലക്കിയിട്ടുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
ബഹുഭൂരിപക്ഷം പേരും ഇത്തരം താല്പര്യങ്ങളുടെ പുറത്താണ് ഒന്നില്‍ കൂടുതല്‍ വിവാഹം കഴിയ്ക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: