കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ നടക്കുന്ന വോട്ടെണ്ണല്‍ കാലത്ത് എട്ട് മണിക്ക് ആരംഭിക്കും. മുന്‍സിപ്പാലിറ്റി കോര്പ്പറേഷന്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ ഫലങ്ങള്‍ കാലത്ത് 11 മണിയോടെ പൂര്‍ണ്ണമായും അറിയാന്‍ കഴിയും. എന്നാല്‍ ജില്ലാ പഞ്ചായത്ത് ഫലം ഉച്ചയോടെ മാത്രമേ പൂര്‍ണ്ണമാകുകയുള്ളൂ. ജില്ലയില്‍ 7 മുനിസിപ്പാലിറ്റികള്‍, 12 ബ്ലോക്ക് പഞ്ചായത്തുകള്‍ ഒരു കോര്പ്പറേഷന്, 70 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണുള്ളത്. തെരഞ്ഞെടുപ്പ് നടന്ന നവംബര്‍ 2ന് ജില്ലയുടെ പലഭാഗങ്ങളിലും അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇത് കണക്കിലെടുത്ത് വോട്ടെണ്ണല്‍ ദിവസമായ നാളെ ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ 27 പോലീസ് സ്റ്റേഷന് പരിധികളില്‍ നാളെ മുതല്‍ 5 ദിവസത്തേക്ക് പോലീസ് ആക്ട് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രകടനം, പൊതുയോഗം എന്നിവ നടത്താന്‍ അനുവാദമില്ല. പോലീസ് ആക്ട് 78,79 വകുപ്പുകള്‍ പ്രകാരമാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ മേഖലയില്‍ ഉണ്ടായ അക്രമത്തെ തുടര്‍ന്നാണ് മുന്‍കരുതലെന്ന നിലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: