തിരുവനന്തപുരം: തലസ്ഥാനവാസികള്‍ക്ക് ഇനി പേടിയില്ലാതെ പുറത്തിറങ്ങാം. നഗരത്തിലെ തെരുവുനായ്ക്കളെ പിടികൂടാന്‍ കോര്പ്പറേഷന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നടപടി തുടങ്ങി. ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തിലാണ് ഇന്നലെ മുതല്‍ തെരുവുനായ്ക്കളെ പിടികൂടാനുള്ള നടപടിയാരംഭിച്ചത്. പേ വിഷബാധയുള്ളവയെ കണ്ടെത്തി കൊല്ലുകയും മറ്റുള്ളവയെ പിടികൂടി വന്ധ്യംകരിക്കുകയുമാണ് ചെയ്യുക.
നായ്ക്കളെ പിടികൂടിയ ശേഷം പേ വിഷബാധയുണ്ടോയെന്ന് മൂന്ന് ദിവസം നിരീക്ഷിക്കും. പേ വിഷബാധയുണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമേ അവയെ കൊല്ലുകയുള്ളുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അത്തരത്തില്‍ വളരെ കുറച്ച് നായ്ക്കളെ മാത്രമേ ഇന്നലെ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. അതേസമയം വന്ധ്യംകരണത്തിനായി നിരവധി നായ്ക്കളെ ഇന്നലെ പിടികൂടിയിട്ടുണ്ട്.
മൃഗസംരക്ഷണ വകുപ്പില്‍ നിന്നു രണ്ട് വെറ്ററിനറി ഡോക്ടര്‍മാരെ വന്ധ്യംകരണത്തിനും പേ വിഷബാധയുള്ള നായ്ക്കളെ കൊല്ലുമ്പോള്‍ അവയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുമായി നിയോഗിച്ചിട്ടുണ്ട്. തെരുവുനായ്ക്കളുടെ ശല്യത്തില്‍ നിന്നു ജനങ്ങളെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഇടപെടല്‍ ഉണ്ടായതോടെയാണ് നടപടികള്‍ ത്വരിതപ്പെടുത്താന്‍ കോര്പ്പറേഷന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തീരുമാനിച്ചത്. തെരുവുനായ്ക്കളെ പിടികൂടുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് ഹൈക്കോടതി പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. അതിലേക്ക് ഒരു മേല്‍നോട്ട സമിതിക്ക് രൂപം നല്‍കുമെന്ന് കലക്ടര്‍ ഡോ. ബിജുപ്രഭാകര്‍ പറഞ്ഞു. തെരുവുനായ്ക്കളെ സംരക്ഷിക്കാനും നിരീക്ഷിക്കാനും തിരുവല്ലത്തും പേട്ടയിലുമാണ് രണ്ട് ഡോഗ് ഷെല്‍ട്ടര്‍ ഹൗസുകളുള്ളത്. തിരുവല്ലത്തുള്ളതില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ നടത്തേണ്ടതുള്ളതിനാല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.
പേട്ട ആശുപത്രിയില്‍ രണ്ട് ഷിഫ്റ്റുകളായാണ് വന്ധ്യംകരണം നടത്തുക. വന്ധ്യംകരിച്ച നായ്ക്കളെ പിടികൂടുന്ന സ്ഥലങ്ങളില്‍ തന്നെ വിടും. തെരുവുനായ്ക്കളെ സംരക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഷെല്‍ട്ടര്‍ നിര്‍മിച്ച് അങ്ങനെ ചെയ്യാനും അനുമതിയുണ്ട്. അപ്രകാരം താത്പര്യമുള്ളവര്‍ കോര്പ്പറേഷന് സെക്രട്ടറിയുമായി ബന്ധപ്പെടണം. അപകടകാരികളായ നായ്ക്കളെ സംബന്ധിച്ച് 9605962471 എന്ന നമ്പരില്‍ വിവരം അറിയിക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കളക്ടറുടെ നേതൃത്വത്തിലെ പുതിയ തീരുമാനത്തിന് പരക്കെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. അഞ്ചുകൊല്ലം കോര്പ്പറേഷന് ഭരിച്ച രാഷ്ട്രീയ നേതൃത്വത്തിനു സാധിക്കാത്ത തീരുമാനമാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭരണസമിതി ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. തെരുവുനായ ശല്യംകൊണ്ട് ഭീതിയിലാണ്ട തലസ്ഥാന നഗരത്തിന് മോചനം ഉണ്ടാകുമെന്ന പ്രതീക്ഷ ജനങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളും മറ്റു സംഘടനകളും നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: