സുമാലിക്ക് കേതുമതിയെന്ന തന്റെ ഭാര്യയില്‍ പ്രഹസ്തന്‍, വികടന്‍, ധുമ്രാക്ഷന്‍, അകമ്പനന്‍, സുപാര്‍ശ്വന്‍, ദണ്ഡന്‍, സംഹ്രാദി, പ്രജംഘന്‍, കാലധനുസ്സ്, ബാസശ്രവണന്‍ എന്നിങ്ങനെ പത്ത് പുത്രന്മാരും ബക, പുഷ്‌പോത്കട, കൈകസി, കുംഭീനസി എന്നിങ്ങനെ നാല് പുത്രിമാരും ജനിച്ചു.
മാലിക്ക് വസുധ എന്ന പത്‌നിയില്‍ അനലന്‍, അനിലന്‍, വരന്‍, സമ്പാദി എന്നിങ്ങനെ നാല് പുത്രന്മാര്‍ ജനിച്ചു. മക്കളോടും പടയോടുംകൂടി മൂവരും ത്രിലോകങ്ങളിലുള്ളവരേയും ദ്രോഹിച്ചുകൊണ്ട് നടമാടാന്‍ തുടങ്ങി. ദേവന്മാരും താപസരും യക്ഷഗന്ധര്‍വ്വന്മാരും അവരെ ഭയന്ന് ഗുഹകളില്‍ അഭയം പ്രാപിച്ചു.
എല്ലാവരും കൂടി കൈലാസത്തില്‍ ചെന്ന് പരമശിവനോട് സങ്കടംബോധിപ്പിച്ചു. എന്നാല്‍ പരമശിവന്‍ ഇവരുടെ അച്ഛനായ സുകേശന്‍ തന്റെ സേവകനായതുകൊണ്ട് താന്‍ ഇവരെ വധിക്കുന്നില്ലെന്നും വൈകുണ്ഠത്തില്‍പോയി ശ്രീനാരായണനോട് സങ്കടം ബോധിപ്പിക്കാനും നിര്‍ദ്ദേശിച്ചു. മഹാദേവ നിര്‍ദ്ദേശമനുസരിച്ച് അവര്‍ വൈകുണ്ഠത്തില്‍ ചെന്ന് നാരായണനെ സ്തുതിച്ച് തങ്ങളുടെ സങ്കടാവസ്ഥ വിവരിച്ചു. ഇനി അവരില്‍നിന്ന് ഉപദ്രവമുണ്ടാകുമ്പോള്‍ തന്നെ അറിയിച്ചാല്‍ താന്‍ വന്ന് അവരെ നിഗ്രഹിക്കാമെന്ന് വൈകുണ്‌ഠേശ്വരന്‍ അവര്‍ക്ക് വാക്കുനല്‍കി.
ഈ വിവരങ്ങള്‍ കേട്ടറിഞ്ഞ മാല്യവാന്‍ അനുജന്മാരോട് പറഞ്ഞു, യൗവനത്തിളപ്പില്‍ നാം ചെയ്തുകൂട്ടുന്ന ദ്രോഹപ്രവര്‍ത്തികളെക്കുറിച്ച് ദേവന്മാര്‍ ശ്രീപരമേശ്വരനോട് ഉണര്‍ത്തിച്ചു. നമ്മുടെതാതനായ സുകേശനോടുള്ള പ്രിയംമൂലം അദ്ദേഹം നമ്മളെ കൊല്ലുന്നില്ലെന്നും പ്രശ്‌ന പരിഹാരത്തിനായി ശ്രീനാരായണനെ ശരണംപ്രാപിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. അതിന്‍പ്രകാരം അവരെല്ലാം ജഗത്രയപാലകനെ കാണുകയും വൈകുണ്‌ഠേശന്‍ ഇതിന് പരിഹാരം ചെയ്തുകൊള്ളാമെന്ന് ദേവന്മാര്‍ക്ക് വാക്കുനല്‍കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് നാം വളരെ സൂക്ഷിക്കണം. പണ്ടും ദൈത്യന്മാരുടെ ശല്യം സഹിക്കാതായപ്പോള്‍ പലതവണ അദ്ദേഹം അവരെ നശിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് നാം കൂടിയാലോചിച്ച് ഒരു നല്ല തീരുമാനം കൈക്കൊള്ളേണ്ടതായിട്ടുണ്ട്.
മാല്യവാന്റെ വാക്കുകേട്ട് അനുജന്മാര്‍ പ്രതിവചിച്ചു. ആദിനാരായണനില്‍ യാതൊരു കുറ്റവുമില്ല. എല്ലാത്തിനും കാരണം ദേവന്മാരാണ്. അതുകൊണ്ട് അവരുടെ ഗര്‍വിനെയാണ് അടക്കേണ്ടത്. അതിന് എത്രയും പെട്ടെന്ന് പാതാളത്തിലുള്ള ദൈത്യസേനകളെ വരുത്തി ദേവന്മാരെ അമര്‍ച്ചചെയ്യണം. അങ്ങനെ അങ്ങുമിങ്ങും പാതാളത്തിലുമുള്ള അസുരന്മാരെ ഒരുമിച്ചുകൂട്ടി അവര്‍ യുദ്ധത്തിനൊരുങ്ങി. എതിരാളികള്‍ വന്ന് യുദ്ധത്തിനൊരുമ്പെട്ടപ്പോള്‍ ദേവേന്ദ്രന്‍ വൈകുണ്ഠത്തിലേക്ക് ദൂതനെ പറഞ്ഞുവിട്ടു. വിവരമറിഞ്ഞ നാരായണന്‍ ഗരുഢാരൂഢനായി എത്തി, അസുരരാക്ഷസ സൈന്യത്തെ എതിരിട്ടു. മിന്നല്‍പതിക്കുന്നപോലെ ശരജാലങ്ങള്‍ ഏറ്റ് ശത്രുക്കള്‍ ഒട്ടുമുക്കാലും കാലപുരി പ്രാപിച്ചു. സൈന്യങ്ങളുടെ നാശംകണ്ട് ക്ഷുഭിതരായി സുമാലിയും മാലിയും ഭഗവാനെ എതിരിട്ടു. ഘോരയുദ്ധത്തിനൊടുവില്‍ മാലിയെ ഭഗവാന്‍ വധിച്ചു. അവസാനം ഗത്യന്തരമില്ലാതെ മാല്യവാന്‍ സുമാലിയോടുകൂടി പടക്കളത്തില്‍നിന്നും ഓടി. പാതാളത്തില്‍ അഭയംതേടി.
പാതാളത്തില്‍ വസിച്ചുകൊണ്ടിരിക്കെ കുറെനാളുകള്‍ക്കു ശേഷം സുമാലിക്ക് ഭൂമിയിലെ വിശേഷങ്ങള്‍ അറിയണമെന്നും തങ്ങളുടെ കൂട്ടത്തില്‍ പെട്ട ആരെല്ലാം ജീവിച്ചിരിപ്പുണ്ടെന്നും തങ്ങള്‍ക്ക് ബന്ധുക്കള്‍ ആരെല്ലാമുണ്ടെന്നും കണ്ടുപിടിക്കണമെന്നുമുള്ള ഒരു ആശ സംജാതമായി.
















