കോട്ടയം: കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ മത്സരിച്ച വനിതാ സ്ഥാനാര്‍ത്ഥികള്‍ 1914. ഇതില്‍ വിജയിച്ചത് 617 പേര്‍. അതായത് മൂന്നിലൊന്ന്. ഏറ്റവും കൂടുതല്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്രരായിരുന്നു. 705 പേരാണ് മത്സരിച്ചത്. ഇതില്‍ 86 പേരാണ് വിജയംകണ്ടത്. ഏറ്റവുംകൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് കോണ്‍ഗ്രസ്സ് 373 പേരെ. സിപിഎമ്മാണ് രണ്ടാം സ്ഥാനത്ത് 220 പേര്‍. ഇതില്‍ കോണ്‍ഗ്രസിന്റെ 207 പേരും സിപിഎമ്മിന്റെ 115 പേരും വിജയിച്ചു. 77 വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ബിജെപിക്ക് വിജയിപ്പിക്കാന്‍ കഴിഞ്ഞത് 10 വനിതകളെ. 84 വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ സിപിഐക്ക് 20 സ്ഥാനാര്‍ത്ഥികളെ മാത്രമേ വിജയിപ്പിക്കാന്‍ കഴിഞ്ഞുള്ളു. 1180 വാര്‍ഡുകളിലും 73 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുമാണ് ഇത്രയും സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. ബ്ലോക്ക് തലത്തില്‍ 214 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ വിജയിച്ചത് 82 സ്ഥാനാര്‍ത്ഥികളാണ്. 148 ബ്ലോക്ക് വാര്‍ഡുകളില്‍ നിന്നും 11 ബ്ലോക്കുകളില്‍ നിന്നുമാണ് ഇത്രയും പേര്‍ വിജയിച്ചത്.
4 മുനിസിപ്പാലിറ്റികളില്‍ നിന്നായി 141 വാര്‍ഡുകളില്‍ 251 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ 74 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. നഗരസഭയിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് വനിതകള്‍ ഏറെയും മത്സരിച്ചത്. 120 പേരാണ് മത്സരിച്ചത്. ഇതില്‍ 20 പേര്‍ വിജയിച്ചു. 17 പേരെ മത്സരിപ്പിച്ച സിപിഎമ്മിന് 13 ഉം 49 പേരെ മത്സരിപ്പിച്ച കോണ്‍ഗ്രസ്സിന് 27 പേരെയും, 10 പേരെ മത്സരിപ്പിച്ച ബിജെപിക്ക് 1 ആളെയുമാണ് വിജയിപ്പിക്കാന്‍ കഴിഞ്ഞത്.
















