തിരുവനന്തപുരം: മതേതരമെന്ന് ഊറ്റം കൊള്ളുന്ന സര്‍ക്കാര്‍ മതസ്ഥാപനങ്ങളില്‍ കൈ കടത്താന്‍ പാടില്ലെന്നാണ് വയ്പ്. എന്നാല്‍ അത് ക്ഷേത്രങ്ങള്‍ക്ക് ബാധകമല്ല. ക്ഷേത്രം ആര് ഭരിക്കണമെന്ന് സര്‍ക്കാര്‍ നിശ്ചയിക്കും. ദേവസ്വം ബോര്‍ഡുകള്‍ സര്‍ക്കാര്‍ വകുപ്പുപോലെയാണ് ഭരിക്കുന്നത്. ‘കാടിയാണെങ്കിലും മൂടി കുടിക്കണം’ എന്നുപറയാറുണ്ട്. എന്നാല്‍ ഒരു മറയുമില്ലാതെ ദേവസ്വം ഭരണം നടത്താനാണ് പുതിയ നീക്കം. സാമുദായിക സംഘടനകളുടെ നോമിനികളെ ഇനി നിശ്ചയിക്കേണ്ട എന്ന തീരുമാനമാണ് അണിയറയില്‍ ഉരുത്തിരിഞ്ഞത്. ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗത്തെയും നായര്‍ സര്‍വീസ് സൊസൈറ്റിയേയും ഗൗനിക്കാതെ ഭരണസമിതി അംഗങ്ങളെ നിശ്ചയിക്കാനുള്ള തീരുമാനമുണ്ടാകും. ഐക്യമുന്നണി എടുക്കുന്ന ഈ തീരുമാനത്തെ ഇടത് മുന്നണിയും പിന്തുണക്കുമെന്നുറപ്പ്.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതു മുതല്‍ ഇരുമുന്നണിക്കാരും വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. എസ്എന്‍ഡിപിക്കാര്‍ സര്‍ക്കാര്‍ കമ്മറ്റിയിലെ സ്ഥാനങ്ങള്‍ ഒഴിയേണ്ടതാണെന്ന് കെപിസിസി പ്രസിഡന്റ് പ്രസ്താവിക്കുകയും ചെയ്തു.
ദേവസ്വം ബോര്‍ഡില്‍ അംഗത്വം എന്നത് കെപിസിസി പ്രസിഡന്റിന്റെയോ സിപിഎം സെക്രട്ടറിയുടേയോ ഔദാര്യമല്ല. ഹിന്ദുസമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഭരണസമിതിയില്‍ അംഗമാകാന്‍ അവസരം ലഭിക്കേണ്ടതാണ്. പണ്ടേപോലെയല്ല എല്ലാ ക്ഷേത്രങ്ങളും എല്ലാവര്ക്കും അവകാശപ്പെട്ടതാണ്.
ആദ്യ ദേവസ്വംബോര്‍ഡില്‍ ശങ്കരനാരായണ അയ്യരും മന്നത്തുപത്മനാഭനും ആര് ശങ്കറുമാണ് അംഗങ്ങളായത്. ശങ്കര നാരായണ അയ്യര്‍ മഹാരാജാവിന്റെ പ്രതിനിധിയും ഹിന്ദുമന്ത്രിമാരുടെ പ്രതിനിധിയായി മന്നത്ത് പത്മനാഭനും ഹിന്ദു എംഎല്‍എമാരുടെ പ്രതിനിധിയായ ആര്. ശങ്കറിനേയും തെരഞ്ഞെടുക്കുകയായിരുന്നു. 1949 ജൂലായിലാണ് ആദ്യ ബോര്‍ഡ് രൂപം കൊള്ളുന്നത്. തിരുവിതാംകൂറിലെ ഹൈന്ദവരുടെ ആവശ്യം പരിഗണിച്ചായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ രൂപീകരണം.
കേണല്‍ മണ്‍റോ ദിവാനായിരുന്നപ്പോള്‍ തിരുവിതാംകൂറിലെ മിക്ക ക്ഷേത്രങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ദേവസ്വങ്ങളുടെ ദുര്‍ഭരണം അവസാനിപ്പിക്കാനെന്ന വ്യാജേന ക്ഷേത്രങ്ങള്‍ ഏറ്റെടുത്തതിന് പിന്നില്‍ സായിപ്പിന് ലക്ഷ്യം മറ്റൊന്നായിരുന്നു. ക്രൈസ്തവ പ്രചാരണത്തിന് ഭൂമിയും സമ്പത്തും നേടിക്കൊടുത്തതിലൂടെ സായിപ്പിന്റെ മനസ്സിലിരിപ്പ് വ്യക്തമായി. ഭൂമി മുഴുവന്‍ ക്ഷേത്രങ്ങളുടെ അധികാരപരിധിയിലായിരുന്നു. സര്‍ക്കാരിന്റെ വരുമാനത്തെക്കാള്‍ വരും ക്ഷേത്ര വരുമാനം. മണ്‍റോയുടെ തീരുമാനം ദേവസ്വങ്ങളെ ദുര്‍ബലമാക്കി. സര്‍ക്കാര്‍ ഭരണത്തിലും ക്ഷേത്ര വരുമാനത്തിന് കണക്കുമില്ല. വ്യവസ്ഥയും ഇല്ലാതാക്കി.
മന്നവും ശങ്കറും നിയമസഭാംഗങ്ങളായിരിക്കെയാണ് ദേവസ്വം ബോര്‍ഡില്‍ നിയോഗിക്കപ്പെട്ടത്. ”മന്നത്ത് പത്മനാഭനും ആര്. ശങ്കറും തമ്മിലുള്ള ദേവസ്വം ബോര്‍ഡിലെ സമാഗമം മൂര്‍ഖന്റെ വിഷവും കെമിക്കല്‍ വിഷവും തമ്മിലുള്ള സംയോജനംപോലെ മാരക”മാണെന്നാണ് സി. നാരായണപിള്ള പണ്ട് പറഞ്ഞത്. ബിജെപിയും എസ്എന്‍ഡിപി യോഗവും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഘട്ടം വന്നപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും പറയുന്നതും മറിച്ചല്ല. ഹിന്ദുമഹാമണ്ഡലം രൂപീകരിച്ചപ്പോഴും ഇന്നത്തെപോലെ വല്ലാതൊരു അസഹിഷ്ണതയാണുണ്ടായിരുന്നത്.
വോട്ടു കിട്ടാനുള്ള വിലകുറഞ്ഞ തന്ത്രത്തിന്റെ ഭാഗമാണ് യുഡിഎഫും എല്‍ഡിഎഫും ഇപ്പോള്‍ അസഹിഷ്ണുത ബിജെപിക്കെന്ന് ആവര്‍ത്തിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അസഹിഷ്ണുത ഇരുമുന്നണികള്‍ക്കുമാണ്. ഭ്രാന്തുള്ളവര്‍ മറ്റുള്ളവര്‍ക്കെല്ലാം ഭ്രാന്തെന്നേ പറയാറുള്ളൂ. അസഹിഷ്ണതയുടെ ഫലമാണ് തെരഞ്ഞെടുപ്പ് ദിവസവും ശേഷവും നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍.
കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ അക്രമങ്ങളാണ് നാടമാടിയത്. ലീഗും സിപിഎമ്മും പല സ്ഥലത്തും ബിജെപിയെ തോല്‍പ്പിക്കാന്‍ ഒരുമിച്ച് മത്സരിക്കുന്നു. ബിജെപി ജയിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയുണ്ടാവില്ലെന്ന് പ്രചരിപ്പിക്കുന്നു. ബിജെപി ഒരിടത്തും ന്യൂനപക്ഷങ്ങളെ കശാപ്പ് ചെയ്തിട്ടില്ല.
എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും മുസ്ലീങ്ങളെ കൊല്ലുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. തൃശൂരില്‍ സ്വന്തം പാര്‍ട്ടിക്കാരനെ തന്നെ കൊലപ്പെടുത്തിയ സംഭവത്തിന് ഏറെ പഴക്കമില്ല.
തളിപ്പറമ്പില്‍ തെരഞ്ഞെടുപ്പ് അവസാനിച്ചശേഷം ലീഗിന്റെ മണ്ഡലം ഖജാന്‍ജി കെവിഎം കുഞ്ഞിയെ സിപിഎം വെട്ടിപരിക്കേല്‍പ്പിച്ചു. ഇന്നലെ അയാള്‍ മരണപ്പെടുകയും ചെയ്തു. വോട്ടെടുപ്പിന് ഇന്ന് ക്യൂവില്‍ നില്‍ക്കുമ്പോഴെങ്കിലും സത്യാവസ്ഥ എന്തെന്ന് ചിന്തിക്കാന്‍ ജനങ്ങള്‍ തയ്യാറാകാതിരിക്കുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: