ഹരിപ്പാട്: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഇന്ന്. പുലര്‍ച്ചെ 3.30ന് നിര്മാല്യദര്ശനത്തോടെയാണ് ആയില്യംദിന ചടങ്ങുകള്‍ ആരംഭിക്കുക.
രാവിലെ ആറിന് ആരംഭിക്കുന്ന ആയില്യത്തിന്റെ സവിശേഷ പൂജകള്‍, നാഗക്കളം ചടങ്ങുകള്‍ എന്നിവയ്ക്ക് മണ്ണാറശാല ഇല്ലത്തെ കാരണവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനം നടക്കും. ആയില്യം ചടങ്ങുകളില്‍ പങ്കെടുക്കാനും നാഗരാജാവിന് നൂറും പാലും നിവേദിക്കാനുമായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തിക്കഴിഞ്ഞു.
ഇന്നുച്ചയ്ക്ക് 1.30 മുതല്‍ 2.30 വരെയാണ് ആയില്യം എഴുന്നള്ളത്ത്. നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം ഇല്ലത്തേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. വൈകിട്ട് ഇല്ലത്തെ കാരണവര്‍ നടത്തുന്ന നൂറും പാലും എന്ന ചടങ്ങോടെ ആയില്യം ഉത്സവത്തിന് സമാപനമാകും.
പൂയം നാളായ ഇന്നലെ മണ്ണാറശാലയമ്മയുടെ കാര്‍മികത്വത്തില്‍ രാവിലെ മുതല്‍ സര്‍പ്പയക്ഷിക്കും നാഗരാജാവിനുമായി നടന്ന ഉച്ചപൂജയായിരുന്നു പ്രധാന ചടങ്ങ്. വൈകിട്ട് പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ 60 മേളവിദഗ്ധര് അണിനിരന്ന പാണ്ടിമേളം നടന്നു. തുടര്‍ന്ന് അഭിഷേക് രഘുരാമന്റെ ശാസ്ത്രീയ സംഗീത കച്ചേരിയും കലാമണ്ഡലം ഗോപി ആശാന് അവതരിപ്പിച്ച കീചകവധം കഥകളിയും അരങ്ങേറി.
ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, കായംകുളം ബാബു തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഭക്തിഗാനമാധുരി അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: