കൊച്ചി: സംസ്കൃത ഭാഷയോടും ഹൈന്ദവ ബിംബങ്ങളോടുമുള്ള അസഹിഷ്ണുതയുടെ പേരില്‍ കേരളം തഴഞ്ഞ സിനിമ ഇന്ത്യന്‍ പനോരമയില്‍. വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസം എന്ന സംസ്കൃത സിനിമയാണ് പനോരമയില്‍ ഇടം പിടിച്ചത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍സിനിമാ വിഭാഗത്തിന്റെ ഉദ്ഘാടന ചിത്രമായി പ്രിയമാനസം പ്രദര്‍ശിപ്പിക്കും.
നളചരിത കര്‍ത്താവായ ഉണ്ണായി വാര്യരുടെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ളതാണ് പൂര്‍ണ്ണമായും സംസ്കൃതഭാഷയിലുള്ള സിനിമ. ചിത്രത്തില്‍ ഹൈന്ദവ ബിംബങ്ങള്‍ കൂടുതലായി കടന്നുവരുന്നുവെന്നും സംസ്കൃത ഭാഷ ഉപയോഗിച്ചത് അഗീകരിക്കാനാവില്ലെന്നും കാണിച്ച് തിരുവനന്തപുരം ചലച്ചിത്രമേളയില്‍ നിന്ന് പ്രിയമാനസത്തെ ഒഴിവാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ ഭാഷാ സിനിമ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ചിത്രം പിന്നീട് സര്‍ക്കാരിന്റെയും സാംസ്കാരിക വകുപ്പിന്റെയും കേരള ചലച്ചിത്ര അക്കാദമിയുടേയും ഇടപെടലിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.
കേരള സര്‍ക്കാരിന്റെയും ചലച്ചിത്ര അക്കാദമിയുടേയും അസഹിഷ്ണുതക്ക് മുഖത്തു കിട്ടിയ അടിയായി ചിത്രത്തിന്റെ പനോരമ പ്രവേശം. നേരത്തെ അമേരിക്ക,ജര്‍മ്മനി ,ഇറ്റലി തുടങ്ങിയ വിദേശ രാജ്യങ്ങളിലെ മേളകളിലേക്ക് ചിത്രത്തിന് ക്ഷണം ലഭിച്ചിരുന്നു.
കേരളത്തിലെ മേളയില്‍ നിന്ന് പ്രിയമാനസം ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന നിലപാടാണ് മേള സംഘാടകസമിതി ചെയര്മാന് ഷാജി.എന്‍.കരുണിന്റേത്. സെലക്ഷന് ജൂറിയാണ് ഇത് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിലെ മേളയില്‍ നിന്നൊഴിവാക്കിയെങ്കിലും ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന് വിനോദ് മങ്കര പറഞ്ഞു.
ചിലരുടെ അസഹിഷ്ണുതയാണ് കേരളത്തില്‍ പ്രിയമാനസത്തിന് തടസ്സമായത്. മലയാള ഭാഷാ സാഹിത്യത്തിന് വിലപ്പെട്ട സംഭാവന നല്കിയ ഉണ്ണായി വാര്യരെപ്പോലും അപമാനിക്കുകയാണ് കേരളത്തിലെ സെലക്ഷന് ജൂറിയും ചലച്ചിത്ര അക്കാദമിയും ചെയ്തത്. ഉണ്ണായി വാര്യര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലും തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലുമാണ് ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത്. അദ്ദേഹത്തിന്റെ കഥ പറയുമ്പോള്‍ ക്ഷേത്രങ്ങളും ഹൈന്ദവ ബിംബങ്ങളും കടന്നുവരിക സ്വാഭാവികമാണ്. അതിനെ കലാപരമായി കാണേണ്ടതിനു പകരം അസഹിഷ്ണുതയോടെ വീക്ഷിക്കുകയാണ് ചിലര്‍. ചിത്രത്തിന് ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും ലഭിക്കുന്ന സ്വീകാര്യത കേരളം കണക്കിലെടുക്കണമെന്നും സംവിധായകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: