ന്യൂദല്‍ഹി: രാജ്യത്ത് സമാധാനപരമായ അന്തരീക്ഷമാണെന്നും അസഹിഷ്ണുതയുടെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നുവെന്ന ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് സമാധാനവും ഐക്യവുമാണുള്ളത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ അത്തരം സംഭവങ്ങളെ ഇപ്പോള്‍ കാണുന്ന രീതിയില്‍ വലിയ പ്രശ്നമായി ഉയര്‍ത്തുന്നത് ശരിയല്ല. ആസൂത്രിതമായ കുപ്രചാരണമാണ് ഇടതുപക്ഷവും കോണ്‍ഗ്രസും ബിജെപിക്കും മോദിക്കുമെതിരെ നടത്തുന്നതെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
രാജ്യത്ത് എവിടെയാണ് അസഹിഷ്ണുത ഉള്ളതെന്ന് കോണ്‍ഗ്രസ് പറയണം. കോണ്‍ഗ്രസും മറ്റുപാര്‍ട്ടികളും ഭരിച്ച സംസ്ഥാനങ്ങളിലാണ് ഈ സംഭവങ്ങളെല്ലാം ഉണ്ടായിട്ടുള്ളത്.’ ജെയ്റ്റ്ലി പറഞ്ഞു. മോദി പ്രത്യേയ ശാസ്ത്ര അസഹിഷ്ണുതയുടെ ഇരയാണെന്നും ജെയ്റ്റ്ലി പറഞ്ഞു. ഇന്ത്യയെ അസഹിഷ്ണുത നിറഞ്ഞ സമൂഹമാക്കി ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുകയാണെന്നും ജെയ്റ്റ്ലി ആരോപിച്ചു.
ബിജെപി അധികാരത്തില്‍ വന്നുവെന്ന യാഥാര്‍ത്ഥ്യം പലര്‍ക്കും ഇപ്പോഴും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ഇടതുപക്ഷവും അവരുടെ പ്രത്യയ ശാസ്ത്രപരമായ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്ന് ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയ അതിക്രമങ്ങളിലും അസഹിഷ്ണുതയിലും പ്രതിഷേധിച്ചും സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പുരസ്കാരങ്ങള്‍ തിരികെ നല്‍കിയിരുന്നു.
ചലച്ചിത്ര പ്രവര്‍ത്തകരായ ദിബാകര്‍ ബാനര്‍ജിയും ആനന്ദ് പട്വര്‍ധനും രാകേഷ് ശര്‍മ്മയും ഉള്‍പ്പെടെ പത്ത് സംവിധായകര്‍ പുരസ്കാരങ്ങള്‍ തിരികെ നല്‍കിയിരുന്നു..ബിജെപി ഭരണത്തിന് കീഴില്‍ രാജ്യത്ത് ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയോടുള്ള പ്രതിഷേധമെന്ന നിലയില്‍ ഹിന്ദി എഴുത്തുകാരന് ഉദയ് പ്രകാശാണ് പുരസ്കാരം തിരിച്ചുനല്‍കിയുള്ള നിലപാട് പ്രഖ്യാപനത്തിന് തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: